'മനസിലായത് വളരെക്കാലം കഴിഞ്ഞ്', എല്ലാം നല്ലതിനാണെന്ന് ഇപ്പോൾ വിചാരിക്കുന്നുവെന്ന് നടി ഉർവശി

Thursday 07 August 2025 12:11 PM IST

ദേശീയ പുരസ്‌കാര നിറവിലാണ് മലയാളത്തിന്റെ പ്രിയങ്കരിയും ദക്ഷിണേന്ത്യൻ സൂപ്പർസ്റ്റാറുമായ നടി ഉർവശി. ക്രിസ്റ്റോടോമി സംവിധാനം ചെയ്ത 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിലെ ലീലാമ്മയിലൂടെ 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉർവശിക്ക് ലഭിച്ചിരിക്കുകയാണ്. ഇപ്പോഴിതാ പ്രശസ്ത തമിഴ് അവതാരകനായ ഗോപിനാഥിന്റെ പോഡ്‌‌കാസ്റ്റിൽ ഉർവശി നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. തന്റെ ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചുമാണ് ഉർവശി പങ്കുവച്ചത്.

'എല്ലാവരും നമ്മളെ മനസിലാക്കണമെന്നില്ല. എനിക്ക് മനസിലായവർക്കൊപ്പം ഞാൻ ജോലി ചെയ്തിട്ടുണ്ട്. എന്നാൽ എന്നെ മനസിലായവർക്കൊപ്പം വളരെ കുറച്ചുമാത്രമേ ജോലി ചെയ്തിട്ടുള്ളൂ. എന്നെ മനസിലാക്കാത്തത് അവരുടെ തെറ്റല്ല. കയ്‌പ്പേറിയ അനുഭവങ്ങൾ ആരോടും പങ്കുവയ്ക്കാൻ എനിക്ക് താത്‌പര്യമില്ല. എല്ലാം നല്ലതിനാണ് എന്നാണ് ചിന്തിക്കാറുള്ളത്. ജീവിതത്തിന് ബലം തരുന്നത് കയ്‌പ്പേറിയ അനുഭവങ്ങളാണ്.

കഷ്ടപ്പാടുകൾ മനസിലാക്കാൻ ദൈവം എന്തെങ്കിലും തരും. അങ്ങനെയാണ് ഞാൻ കരുതുന്നത്. വളരെക്കാലം കഴിഞ്ഞതിനുശേഷമാണ് എനിക്കിതെല്ലാം മനസിലായത്. കുറച്ച് കഷ്‌ടപ്പെട്ട ശേഷമാണ് മനസിലായത്. എനിക്ക് മനസിലാക്കി തരാനുള്ള ദൈവത്തിന്റെ പ്രവൃത്തിയാണ്. ഒരാൾ ആരാണ്, എപ്പോൾ നമുക്കൊപ്പം കാണും എന്നെല്ലാം മനസിലാക്കാൻ സാധിച്ചു'- ഉർവശി വ്യക്തമാക്കി.

അതേസമയം, ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണയത്തിനെതിരെ ഉർവശി ഉന്നയിച്ച വിമർശനം ഏറെ ചർച്ചയായിരുന്നു. എന്തുകൊണ്ട് മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടില്ല എന്നും സഹനടനായി വിജയരാഘവനെയും സഹനടിയായി തന്നെയും തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്താണെന്നും ഉർവശി ചോദിച്ചതാണ് ചർച്ചയായത്. 'ഞങ്ങൾ തോന്നുന്നത് ചെയ്യും, നിങ്ങൾ വാങ്ങി പൊയ്‌ക്കോണം എന്ന സമീപനം അംഗീകരിക്കില്ല. ഇങ്ങനെയാണെങ്കിൽ അർഹിക്കുന്ന പലർക്കും കിട്ടില്ല. തരുന്നത് സന്തോഷത്തോടെ വാങ്ങിപ്പോകാൻ ഇത് പെൻഷൻ കാശല്ല.' എന്നുമാണ് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഉർവശി തുറന്നടിച്ചത്. ഇത് ഏറെ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു.