മക്കൾ സിബിഎസ്ഇയിലാണോ പഠിക്കുന്നത്? എങ്കിൽ കാര്യമായിത്തന്നെ ശ്രദ്ധിച്ചോളൂ, വിഷമിക്കേണ്ടിവരരുത്

Thursday 07 August 2025 12:51 PM IST

ന്യൂഡൽഹി: ഈ അദ്ധ്യയനവർഷം മുതൽ സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷയെഴുതാൻ 75% ഹാജർ നിർബന്ധം. 2024 ഒക്ടോബറിലെ നിർദ്ദേശത്തിനുതുടർച്ചയായി കഴിഞ്ഞദിവസം വീണ്ടും മാർഗരേഖയിറക്കി. ആരോഗ്യപ്രശ്‌നങ്ങൾ, വേണ്ടപ്പെട്ടവരുടെ മരണം, ദേശീയ-അന്തർദേശീയ കായിക മത്സരങ്ങളിൽ പങ്കെടുക്കുക എന്നിവയ്‌ക്ക് ഇളവുണ്ട്. ഹാജർ രേഖകളിൽ കൃത്രിമം കാണിക്കാൻ പാടില്ല. രേഖാമൂലമല്ലാത്ത അവധികൾ അനധികൃതമായി കണക്കാക്കുമെന്നും മാർഗരേഖയിൽ വ്യക്തമാക്കി.

സ്‌കൂളുകൾക്കുള്ള നിർദ്ദേശങ്ങൾ

1. ഹാജർ മാനദണ്ഡങ്ങൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അറിയിക്കണം

2. ഏതെങ്കിലും വിദ്യാർത്ഥിക്ക് ഹാജർ കുറവാണെന്ന് കണ്ടാൽ ഉടൻ വിവരം രക്ഷിതാവിനെ തപാൽ വഴിയോ ഇ-മെയിൽ വഴിയോ അറിയിക്കണം

3. ഹാജറിന്റെ പ്രാധാന്യം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ബോദ്ധ്യപ്പെടുത്തണം

4. മെഡിക്കൽ അല്ലെങ്കിൽ അടിയന്തിര അവധിയെടുക്കുമ്പോൾ രേഖാമൂലം അപേക്ഷ നൽകണം. അല്ലാത്തപക്ഷം അനധികൃത അവധിയായി കണക്കാക്കും.

5. പ്രതിദിന ഹാജർ രജിസ്റ്റർ സൂക്ഷിക്കുകയും സി.ബി.എസ്.ഇയുടെ പരിശോധനയ്ക്ക് എപ്പോഴും തയ്യാറായിരിക്കുകയും വേണം

6. പൊരുത്തക്കേടുകളോ ക്രമക്കേടുകളോ കണ്ടാൽ കർശന നടപടിയുണ്ടാകും.