'ബിജെപിയുമായി ചേർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് മോഷ്‌ടിക്കുന്നു'; തെളിവുകൾ നിരത്തി രാഹുൽ ഗാന്ധി

Thursday 07 August 2025 2:27 PM IST

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മഹാരാഷ്‌ട്രയിൽ ഉൾപ്പെടെ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായാണ് രാഹുൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്.

രാഹുൽ ഗാന്ധി പറഞ്ഞത്:

'ചില കണക്കുകൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനുണ്ട്. കഴിഞ്ഞ ചില തിരഞ്ഞെടുപ്പ് ഫലങ്ങൾ ഞെട്ടിച്ചുകളഞ്ഞു. മഹാരാഷ്‌ട്രയിൽ അസാധാരണ പോളിംഗാണ് നടന്നത്. അഞ്ച് മണി കഴിയുമ്പോൾ വോട്ടിംഗ് ശതമാനം കുതിച്ചുയരുകയാണ്. കുറച്ച് കാലമായി ജനങ്ങളിലും സംശയം ഉയരുകയാണ്. അതിനാൽ, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യത വേണം. തിരഞ്ഞെടുപ്പ് കമ്മീഷൻ പലതും മറച്ചുവയ്‌ക്കുകയാണ്.

40 ലക്ഷം ദുരൂഹ വോട്ടർമാരാണ് മഹാരാഷ്‌ട്രയിലുള്ളത്. ഇവിടുത്തെ രേഖകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നശിപ്പിച്ചു. കോൺഗ്രസ് ആവശ്യപ്പെട്ടിട്ടും കമ്മീഷൻ വോട്ടർ പട്ടിക നൽകിയില്ല. സിസിടിവി ദൃശ്യങ്ങൾ 45 ദിവസം കഴിഞ്ഞപ്പോൾ നശിപ്പിച്ചു. ബിജെപിയുമായി ചേർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് മോഷ്‌ടിക്കുകയാണ്.

എല്ലാ മണ്ഡലത്തിലും ഇരട്ട വോട്ടർമാർ. വ്യാജവിലാസങ്ങളിൽ നിരവധിപേരുണ്ട്. ഇല്ലാത്ത വോട്ടർമാരെ പട്ടികയിൽ തിരുകി കയറ്റുകയാണ്. വീട്ടുനമ്പർ '0' എന്ന് രേഖപ്പെടുത്തിയ ഒരുപാടുപേരുണ്ട്. ചിലരുടെ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് അക്ഷരങ്ങൾ മാത്രം. 68പേർക്ക് ഒരു വ്യവസായ സ്ഥാപനത്തിന്റെ മേൽവിലാസം. ഒരു മണ്ഡലത്തിൽ മാത്രം 40,000ത്തിലധികം വ്യാജ വോട്ടർമാർ.

കർണാടകയിലും ഇത്തരത്തിൽ ക്രമക്കേട് നടന്നിട്ടുണ്ട്. കർണാടകയിലെ ബംഗളൂരു സെൻട്രലിന് കീഴിലെ മഹാദേവപുര മണ്ഡലത്തിൽ മാത്രം നടന്നത് വലിയ തിരിമറി. ഒരു ലക്ഷത്തിലധികം വോട്ടുകളാണ് പലമാർഗങ്ങളിലൂടെ മോഷ്‌ടിച്ചത്. 25 സീറ്റിൽ ബിജെപി ജയിച്ചത് 33,000ത്തിൽ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ. രാജ്യത്താകെ അഞ്ച് മാർഗത്തിലൂടെയാണ് വോട്ട് ചോർത്തിയത്. കുറ്റകരമായ തട്ടിപ്പാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കാട്ടുന്നത് '