സ്റ്റേഡിയം നിർമ്മാണം അവസാനഘട്ടത്തിൽ
Friday 08 August 2025 12:01 AM IST
വൈക്കം : വെള്ളൂർ ഗ്രാമപഞ്ചായത്തിലെ ഇറുമ്പയം പെരുന്തട്ടിൽ മൂന്നു കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന സ്‌റ്റേഡിയം അവസാനഘട്ടത്തിലേക്ക്. ഗ്യാലറിയുടെ നവീകരണം, മഡ്ഫുട്‌ബാൾ കോർട്ട്, ഫ്ലഡ് ലൈറ്റിംഗ്, എൽ.ഇ.ഡി ലൈറ്റിംഗ് സംവിധാനത്തോട് കൂടിയ ഇൻഡോർ ബാഡ്മിന്റൺ കോർട്ട്, ശൗചാലയം, ഗേറ്റ്, ഡ്രെയ്‌നേജ്, ഫെൻസിംഗ് എന്നീ സൗകര്യങ്ങളാണ് സ്‌റ്റേഡിയം സമുച്ചയത്തിൽ ഒരുക്കുന്നത്. 85 ശതമാനം പ്രവൃത്തികൾ നിലവിൽ പൂർത്തീകരിച്ചിട്ടുണ്ട്. സ്‌റ്റേഡിയത്തിൽ സോളാർ ലൈറ്റിംഗ് സിസ്റ്റവും ഓപ്പൺ ജിം അടക്കമുള്ള സൗകര്യങ്ങൾ ചെയ്യുവാനുള്ള നടപടികൾ പൂർത്തിയായി വരുകയാണ്. മന്ത്രി വി. അബ്ദു റഹ്മാനാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചത്.