ബാലചന്ദ്ര മേനോനെ ഭീഷണിപ്പെടുത്തിയ കേസ്; മിനു മുനീറിന്റെ അഭിഭാഷകൻ അറസ്റ്റിൽ

Thursday 07 August 2025 4:28 PM IST

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെ ഭീഷണിപ്പെടുത്തി പണം തട്ടാനും സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്താനും ശ്രമിച്ച കേസിൽ അഭിഭാഷകൻ അറസ്റ്റിൽ. ചലച്ചിത്ര സംവിധായകൻ കൂടിയായ സംഗീത് ലൂയിസ് (46) ആണ് ഇന്ന് രാവിലെ കൊച്ചി സൈബർ പൊലീസിന്റെ പിടിയിലായത്. കൊല്ലം കുണ്ടറ സ്വദേശിയായ ഇയാൾ നിലവിൽ താമസിക്കുന്ന തൃശൂർ അയ്യന്തോളിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

നേരത്തേ കേസിലെ ഒന്നാം പ്രതിയായ നടി മിനു മുനീർ അറസ്റ്റിലായിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് സംഗീത് എന്നും 2023ൽ കുണ്ടറ പൊലീസ് ഇയാളെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ അടച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രമുഖരായ നിരവധിപേർക്കെതിരെ വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നു. മുകേഷ്, സിദ്ദിഖ്, ജയസൂര്യ, ഇടവേള ബാബു ഉൾപ്പെടെ നിരവധിപേർക്കെതിരെയാണ് ആരോപണങ്ങൾ ഉയർന്നത്. പിന്നാലെയാണ് ബാലചന്ദ്ര മേനോനെതിരെയും ആരോപണം ഉണ്ടായത്. ‘ദേ ഇങ്ങോട്ടു നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ ബാലചന്ദ്ര മേനോൻ ലൈംഗികാതിക്രമം നടത്തി എന്നതടക്കമുള്ള ആരോപണങ്ങളായിരുന്നു മിനു മുനീർ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. പിന്നാലെ പൊലീസിൽ പരാതിയും നൽകി.