'ഞാൻ മുൻകൂർ ജാമ്യത്തിന് അപേക്ഷ കൊടുക്കണോ? അതോ ഒളിവിൽ പോണോ', പ്രതികരണവുമായി ഇർഷാദ്
അശ്ലീല ചിത്രത്തിൽ അഭിനയിക്കുകയും വീഡിയോ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന പരാതിയിൽ നടി ശ്വേത മേനോനെതിരായ പരാതിയിൽ പ്രതികരിച്ച് നടൻ ഇർഷാദ് അലി. 'പാഠം ഒന്ന് ഒരു വിലാപം' എന്ന ചിത്രത്തിലെ കഥാപാത്രം ചെയ്തതിന് താനും നിയമ കുരുക്കിൽപ്പെടുമോ എന്ന ചോദ്യമാണ് പോസ്റ്റർ പങ്കുവച്ചു കൊണ്ട് താരം ചോദിക്കുന്നത്. ആക്ഷേപഹാസ്യം കലർന്ന ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നടൻ തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്.
ഇർഷാദ് അലിയുടെ കുറിപ്പ് ഇങ്ങനെ
'അറിഞ്ഞിടത്തോളം മീര ജാസ്മിൻ ഇപ്പോൾ അമേരിക്കയിൽ ആണെന്ന് കേൾക്കുന്നു. സേതുരാമയ്യരെ ഇറക്കി അന്വേഷിച്ചിട്ടും ഏതെങ്കിലും വക്കീലിനെ ബന്ധപ്പെട്ടോ എന്ന് അറിയാൻ കഴിഞ്ഞിട്ടില്ല! ഞാൻ മുൻകൂർ ജാമ്യത്തിന് അപേക്ഷ കൊടുക്കണോ, അതോ ഒളിവിൽ പോണോ?' -ഇർഷാദ് അലി കുറിച്ചു.
പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയാണ് ശ്വേത മേനോനെതിരെ പരാതി നൽകിയത്. ശ്വേതാ മേനോൻ നേരത്തെ അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം അശ്ലീല രംഗങ്ങളാണെന്നാണ് പരാതിയിൽ ഉണ്ടായിരുന്നത്.