കടയ്ക്കാവൂരിൽ മോഷണം തുടർക്കഥയാകുന്നു
വക്കം: കടയ്ക്കാവൂരിൽ ആഴ്ചകൾക്ക് മുൻപ് മോഷണം നടന്ന കടയിൽ വീണ്ടും മോഷണശ്രമം.പൊലീസ് സ്റ്റേഷന് സമീപമുള്ള എസ്.എസ് ട്രേഡേഴ്സിലാണ് വീണ്ടും മോഷ്ടാക്കളെത്തിയത്.രാവിലെ കട തുറക്കാനെത്തിയ ജീവനക്കാർ ഷട്ടറിന്റെ പൂട്ട് കാണാനില്ലാത്തതിനെ തുടർന്ന് സി.സിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണശ്രമം നടന്നതായറിയുന്നത്. മഞ്ഞ സ്കൂട്ടിയിലെത്തിയ രണ്ടുപേർ ഷട്ടറിന്റെ പൂട്ടറുത്ത് മാറ്റി കടയ്ക്കുള്ളിൽ കടക്കാൻ ശ്രമിച്ചെങ്കിലും ഗ്ലാസ് ഡോർ തകർക്കാൻ കഴിയാത്തതിനാൽ ശ്രമം ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
ഇക്കഴിഞ്ഞ 5ന് എസ്.എസ് ട്രേഡേഴ്സ്,ഒരുമ ഹോട്ടൽ,റിച്ചു ടെയ്ലേഴ്സ് എന്നിവിടങ്ങളിലും പൊലീസ് സ്റ്റേഷന് സമീപത്തെ വീട്ടിലും മോഷണം നടന്നിരുന്നു.എസ്.എസ് ട്രേഡേഴ്സിൽ നിന്ന് ഫാനും 38,000 രൂപയും,റിച്ചു ടെയ്ലേഴ്സിൽ നിന്ന് 4000 രൂപയുമാണ് അന്ന് നഷ്ടപ്പെട്ടത്.കടയ്ക്കാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും മോഷ്ടാക്കളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. എത്രയുംവേഗം പ്രതികളെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.