ഗ്യാസ് സിലണ്ടറിന് മുകളിലായി രേഖപ്പെടുത്തിയ അക്കങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? അറിയാതെപോയാല്‍ പണി കിട്ടും

Thursday 07 August 2025 9:35 PM IST

ഇന്ന് ഗ്യാസ് ഉപയോഗിക്കാത്ത വീടുകള്‍ ഇന്ത്യയില്‍ വളരെ കുറവാണ്. അതില്‍ തന്നെ കേരളത്തില്‍ ഗ്യാസ് അടുപ്പുകളും സിലിണ്ടറുകളും ഉപയോഗിക്കാത്ത വീടുകള്‍ ഇല്ലെന്ന് തന്നെ പറയാം. നിത്യോപയോഗ സാധനമെന്ന നിലയില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒന്നാണെങ്കിലും ഇവ കാരണമുണ്ടാകാന്‍ സാദ്ധ്യതയുള്ള അപകടങ്ങള്‍ വളരെ വലുതാണ്. ചെറിയ ഒരു അശ്രദ്ധ ചിലപ്പോള്‍ ജീവനും സ്വത്തിനും പോലും വലിയ നാശനഷ്ടമുണ്ടാക്കിയേക്കാം. ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിക്കുമ്പോള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഒന്നാമത്തേത് ഗ്യാസ് സിലിണ്ടറുകള്‍ക്ക് എക്‌സ്പയറി ഡേറ്റ് ഉണ്ട് എന്നുള്ളതാണ്. എന്നാല്‍ അധികമാര്‍ക്കും ഇക്കാര്യം അറിയില്ല. സിലിണ്ടറുകളുടെ മുകളിലായി രേഖപ്പെടുത്തിയിരിക്കുന്ന കോഡ് ആണ് എക്‌സ്പയറി ഡേറ്റ്. ഇത് കുറ്റിയിലുള്ള ഗ്യാസിനല്ല മറിച്ച് സിലിണ്ടറിനുള്ളതാണ്. ഉദാഹരണത്തിന് ഡി 30 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് കരുതുക. ഇതിലെ 30 എന്ന അക്കം 2030 എന്ന വര്‍ഷത്തെ സൂചിപ്പിക്കുന്നു. ഡി എന്നത് വര്‍ഷത്തിലെ നാലാം ക്വാര്‍ട്ടറിനെ സൂചിപ്പിക്കുന്നു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളാണ് ഈ പാദത്തില്‍ വരുന്നത്. അപ്പോള്‍ ഡി30 എന്നാല്‍ 2030 ഒക്ടോബര്‍ -ഡിസംബര്‍ വരെയാണ് എക്‌സ്പയറി ഡേറ്റ്.

എ (ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെ) ബി (ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ) സി (ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെ) എന്നിങ്ങനെയാണ്. ഗ്യാസ് സിലിണ്ടറിന് മാത്രമല്ല അതില്‍ ബന്ധിപ്പിക്കുന്ന ഹോസിനും കാലാവധിയുണ്ട്. ഹോസിലെ പ്രത്യേകം രേഖപ്പെടുത്തിയ അക്കങ്ങളില്‍ നിന്ന് അതും മനസ്സിലാക്കാന്‍ സാധിക്കും. വിവിധ കമ്പനികള്‍ അനുവദിച്ചിരിക്കുന്ന മൊബൈല്‍ നമ്പറുകള്‍ വഴി വാട്‌സാപ്പിലൂടെയും ഗ്യാസ് ബുക്ക് ചെയ്യാന്‍ സംവിധാനമുണ്ടെങ്കിലും അധികമാരും ഈ സംവിധാനം ഉപയോഗിക്കാറില്ല. അതുപോലെ തന്നെ ഗ്യാസ് സിലിണ്ടര്‍ ഒരിക്കലും ചെരിച്ച് എടുക്കാതിരിക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗം.