ചെങ്കുത്തായ കുന്നിൽ തൈകൾ നട്ടത് ക്രെയിനിൽ കയറി: തൊണ്ണൂറാംകുന്നിലെ മുളങ്കാടുകൾക്ക് പുനർജ്ജനി

Thursday 07 August 2025 9:57 PM IST

ന്യൂമാഹി: നിബിഡമായ മുളങ്കൂട്ടങ്ങളുടെ ഭൂതകാലം തിരിച്ചുപിടിക്കാൻ മുന്നിട്ടിറങ്ങി ചൊക്ളി തൊണ്ണൂറാംകുന്ന്. മുളങ്കാടുകളുടെ പ്രചാരകനായ ഈസ്റ്റ് പള്ളൂർ നൈതികത്തിൽ ഇ.സുനിൽകുമാർ.ചൊക്ലി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവണ്മെന്റ് കോളേജിന് സമീപത്തെ 20 മീറ്ററോളം ഉയരമുള്ള ചെങ്കുത്തായ കുന്നിന്റെ എല്ലാ ഭാഗങ്ങളിലും നൂറുകണക്കിന് തൈകളാണ് സുനിൽകുമാർ നട്ടുപിടിപ്പിച്ചത്.

ക്രെയിനുകളുടെ സഹായത്തോടെ അതിസാഹസികമായാണ് തൈകൾ നട്ടത്. സുനിൽകുമാറിന്റെ എഴുപത്തിയഞ്ചാമത്തെ സൗജന്യ മുള വൽക്കരണമാണ് തൊണ്ണൂറാംകുന്നിൽ നടക്കുന്നത്. ഓട, സിട്രസ്, ബുദ്ധ, വൈറ്റ് ലീഫ്, ജിഞ്ചർ ബാബു, യെല്ലോ ബാംബൂ,ലാത്തി മുള, വാക്കിംഗ് ബാംബൂ, ഇല്ലിമുള, ഗാർഡൻ ബാംബൂ,ബിലാത്തി,വള്ളി മുള തുടങ്ങിയ ഇനത്തിൽപ്പെട്ട മുളന്തൈകളാണ് സൗജന്യമായി ഇവിടെ വച്ചുപിടിപ്പിച്ചത്.

സുനിൽകുമാർ ഒരു നിയോഗം പോലെയാണ് മുളകളുടെ വ്യാപനത്തിനായി പ്രവർത്തിക്കുന്നത്.ഇതിനകം മെഡിക്കൽ കോളേജ്, കണ്ണൂർ സെൻട്രൽ ജയിൽ,വിവിധ പൊലീസ് സ്റ്റേഷനുകൾ, പാർക്കുകൾ, കോളേജുകൾ, സ്‌കൂളുകൾ, നടപ്പാതകൾ, കുന്നിൻ ചെരുവുകൾ, പുഴയോരങ്ങൾ,കടൽത്തീരങ്ങൾ,മയ്യഴിപ്പുഴയോരത്തെ മുകുന്ദൻ പാർക്ക് ,ചെറുകല്ലായി കുന്നിൻ മുകളിലുള്ള കാർഷിക നഴ്സറി കോമ്പൗണ്ട്, തുടങ്ങിയ പൊതുസ്ഥലങ്ങളിലായി ആറായിരത്തിൽപരം മുളന്തൈകൾ ഇതിനോടകം ഇദ്ദേഹം വച്ചുപിടിപ്പിച്ചുകഴിഞ്ഞു.

എല്ലാവർഷവും ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സുനിൽകുമാറിന്റെ നേതൃത്വത്തിൽ മുളന്തൈകൾ വച്ചുപിടിപ്പിക്കാറുണ്ട്. ഹിമാലയത്തിൽ അടക്കം രാജ്യത്തിന് അകത്തും പുറത്തുമായി നിരവധി വനയാത്രകൾ നടത്തിയ സുനിൽകുമാർ ഇവിടങ്ങളിൽ നിന്നും അൻപത്തിരണ്ടിനം മുളകൾ വീട്ടിൽ വളർത്തുന്നുണ്ട്. ഏറെക്കുറെ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന വള്ളിമുളകൾ വരെ ഈ കൂട്ടത്തിലുണ്ട്. ഗവേഷണ വിദ്യാർത്ഥികളടക്കമുള്ളവർ പഠനത്തിനായി സുനിൽകുമാറിന്റെ വീട്ടിലെ മുളങ്കാട് സന്ദർശിക്കാറുണ്ട്.