കണ്ണൂർ കോർപറേഷനിൽ ഇക്കുറി വനിതാ മേയർ; പ്രമുഖ നേതാക്കളെ ഇറക്കാൻ നീക്കം

Thursday 07 August 2025 9:59 PM IST

കണ്ണൂർ: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മേയർ പദവി ലക്ഷ്യമിട്ട് സി പി.എം പ്രമുഖ വനിതാ സ്ഥാനാർത്ഥികളെ രംഗത്തിറക്കാനുള്ള തയ്യാറെടുപ്പിൽ. കൈവിട്ട ഭരണം തിരിച്ചുപിടിക്കുന്നതിന് ഉയർന്ന പദവികളിലുള്ള സ്ഥാനാർത്ഥികളെ തന്നെ ഇറക്കണമെന്നതാണ് ഇക്കുറി പാർട്ടിയിലെ ധാരണ.

കോർപ്പറേഷൻ രൂപീകരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി ഭരണം ലഭിച്ചപ്പോൾ വനിതാമേയറെ തിരഞ്ഞെടുക്കാൻ പാർട്ടി പാടുപെട്ടിരുന്നു. അന്ന് ജയം ഉറപ്പില്ലാത്ത സാഹചര്യത്തിൽ പട്ടികയിൽ പ്രമുഖ പേരുകൾ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ പി.കെ. രാഗേഷിന്റെ പിന്തുണയോടെ അപ്രതീക്ഷിതമായി ഭരണം ലഭിച്ചപ്പോൾ പാർട്ടിയിൽ താരതമ്യേന ജൂനിയറായ ഇ.പി.ലതയെ പദവി ഏൽപ്പിക്കുകയായിരുന്നു. ഈ അനുഭവത്തിൽ നിന്ന് പാഠം പഠിച്ചാണ് ഇത്തവണ പ്രമുഖ വനിതാ നേതാക്കളെ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്താൻ സി.പി.എം തത്വത്തിൽ തീരുമാനിച്ചിരിക്കുന്നത്.

നിലവിലെ പ്രതിപക്ഷ നേതാവ് എൻ സുകന്യ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.കെ.എ.സരള, മുൻ കൗൺസിലർ ഇ.ബീന എന്നിവരുടെ പേരുകൾ ആദ്യ പരിഗണനയിലുണ്ട്.കെ.എ.സരളയുടെ പേര് ആദ്യ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പരിഗണനയിലുണ്ടായിരുന്നുവെങ്കിലും സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. മറ്റൊരു പ്രമുഖ വനിതാനേതാവ് അന്ന് തൊഴിൽപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കുകയും ചെയ്തു.

യു.ഡി.എഫിലും പ്രമുഖ പേരുകൾ യു.ഡി.എഫിൽ കോൺഗ്രസും മുസ്ലിംലീഗും ഭൂരിപക്ഷം ഉറപ്പാക്കാൻ പ്രമുഖ വനിതാ സ്ഥാനാർത്ഥികളെ രംഗത്തിറക്കാനാണ് ആലോചിക്കുന്നത്. കോൺഗ്രസിൽ പ്രമുഖ നേതാക്കളുടെ സ്വാധീനമായിരിക്കും മുഖ്യ മാനദണ്ഡം.കെ.സി വേണുഗോപാലിന്റെയും കെ.സുധാകരന്റെയും പിന്തുണയായിരിക്കും കോൺഗ്രസ് മേയർ സ്ഥാനാർത്ഥിയുടെ അവസാന മാനദണ്ഡം.

ഷമാ മുഹമ്മദ്,​ശ്രീജ മഠത്തിൽ,​അഡ്വ.പി.ഇന്ദിര,​അമൃത രാമകൃഷ്ണൻ എന്നിവരുടെ പേരുകളായിരിക്കും മേയർ സ്ഥാനത്തേക്ക് കോൺഗ്രസ് ഉയർത്തിക്കാട്ടുന്നത്.

മുസ്ലിംലീഗിൽ മുൻ ജില്ലാ ജനറൽ സെക്രട്ടറി വി.കെ.അബ്ദുൾഖാദർ മൗലവിയുടെ മകൾ റയിസയെ മത്സരരംഗത്തിറക്കാൻ പാർട്ടിയിൽ സമ്മർദ്ദമുണ്ട്.

സാമുദായിക സന്തുലനം സാമുദായിക സമവാക്യം പരിഗണിക്കുമ്പോൾ ഒരേ സമുദായത്തിൽ നിന്ന് മേയർ, ഡെപ്യൂട്ടി മേയർ പദവികളിൽ വരാൻ കഴിയില്ലെന്നതാണ് കോൺഗ്രസിലെ ചിലരുടെ സാദ്ധ്യതകൾക്ക് തടസ്സം.ഇതര മേഖലകളിൽ നിന്നും പാർട്ടി സ്ഥാനാർത്ഥികൾക്ക് പുറമേ നഗരത്തിൽ വിവിധ മേഖലകളിൽ സ്വാധീനമുള്ള ചില പ്രമുഖ വനിതകളെയും മത്സരത്തിനിറക്കാൻ സി.പി.എം ആലോചിക്കുന്നുണ്ട്.