പ്രഖ്യാപിച്ചിട്ടും ട്രാഫിക് പരിഷ്ക്കരണമില്ല; പേരാവൂ‌ർ കുരുക്കിൽ തന്നെ

Thursday 07 August 2025 10:16 PM IST

പേരാവൂർ : ഈ മാസം ഒന്നുമുതൽ പേരാവൂർ ടൗണിൽ നടപ്പിലാക്കാനൊരുങ്ങിയ ട്രാഫിക് പരിഷ്ക്കരണ പ്രഖ്യാപനം നടപ്പായില്ല. വിവിധ വ്യാപാരി സംഘടനകളുടെ നിരന്തരമായ ആവശ്യങ്ങൾക്കൊടുവിൽ കഴിഞ്ഞ മാസം ചേർന്ന പഞ്ചായത്തുതല ട്രാഫിക്ക് അവലോകന സമിതി യോഗം ചേർന്ന് രൂപീകരിച്ച ഉപസമിതിയുടെ നിർദ്ദേശം അനുസരിച്ചാണ് പരിഷ്കരണം നടപ്പാക്കാൻ തീരുമാനിച്ചത്.

ഉപസമിതി അംഗങ്ങൾ സംയുക്തമായി ടൗണിലെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചാണ് പ്രശ്നങ്ങളെ വിലയിരുത്തിയത്.സമിതിയുടെ റിപ്പോർട്ട് അനുസരിച്ച് പഞ്ചായത്ത് പ്രസിഡന്റാണ് ട്രാഫിക് പരിഷ്കരണ തീരുമാനം മാദ്ധ്യമങ്ങളെ അറിയിച്ചത്. എന്നാൽ ഒരാഴ്ച പിന്നിട്ടിട്ടും പുതിയ നിർദേശങ്ങൾ നടപ്പിലാക്കാൻ അധികൃതർ തയ്യാറായിട്ടില്ല.ഇപ്പോഴും അനുമതി ഇല്ലാത്ത ഇടങ്ങളിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ടൗണിൽ ട്രാഫിക്ക് നിയന്ത്രണത്തിന് പൊലീസുകാരെയോ ഹോം ഗാർഡുകളെയോ നിയോഗിക്കാത്തതും ഗതാഗതക്കുരുക്കിന് കാരണമാവുന്നുണ്ട്.

പേ പാർക്കിംഗ് ഒരുക്കാം ,​ പക്ഷെ

സൗകര്യപ്രദമായ സ്ഥലത്ത് പേപാർക്കിംഗ് സൗകര്യം ഒരുക്കാമെങ്കിലും പഞ്ചായത്ത് ഭരണസമിതി ഇതിനായി യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് അക്ഷേപം. കടകൾക്ക് മുന്നിൽ ഉപഭോക്താക്കളുടെ വാഹനം പാർക്ക് ചെയ്യുന്നതിനായിപ്രത്യേകം മാർക്ക് ചെയ്ത് സ്ഥലം ഒരുക്കുമെന്നായിരുന്നു ബന്ധപ്പെട്ടവരുടെ പ്രഖ്യാപനം. മാലൂർ റോഡിലും കൊട്ടിയൂർ റോഡിലും അനധികൃത പാർക്കിംഗ് കാരണം ദിവസവും വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പഞ്ചായത്ത് ഓഫീസിന്റെ തൊട്ടു താഴെയുള്ള ബസ് സ്റ്റാൻഡിൽ ബസുകൾ നിർത്തിയിടാൻ സാധിക്കാത്ത തരത്തിലാണ് സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ്.

കൺമുന്നിലുണ്ട് കോളയാട് മാതൃക

വാഹനങ്ങൾ സൗകര്യപ്രദമായ സ്ഥലത്ത് പാർക്ക് ചെയ്ത ശേഷം നടന്നുപോകാൻ സമീപ തൊട്ടടുത്ത കോളയാട് ടൗണിൽ പഞ്ചായത്ത് നടപ്പിലാക്കിയ മാതൃക പേരാവൂർ പഞ്ചായത്തിന് മുന്നിലുണ്ട്. ഇത്തരത്തിൽ നടപ്പാത നിർമ്മിച്ചാൽ തീരാവുന്ന പ്രശ്നമേ പേരാവൂർ ടൗണിലുള്ളുവെന്നാണ് നാട്ടുകാർ പറയുന്നത്.