വീട് കുത്തിത്തുറന്ന് മോഷണം: രണ്ടുപേർ പിടിയിൽ
പൂവാർ: വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് 3പവൻ സ്വർണവും 15,000 രൂപയും കവർന്ന മോഷ്‌ടാക്കളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ചു. കോവളം വെള്ളാർ അരിവാൾ പണയിൽ വീട്ടിൽ വിമൽ മിത്ര(24 ), വെങ്ങാനൂർ മുട്ടയ്ക്കാട് ചരുവിള വീട്ടിൽ വിഷ്‌ണു(19)എന്നിവരെയാണ് കാഞ്ഞിരംകുളം പൊലീസ് പിടികൂടിയത്. അവണാകുഴി ഇലവൻകുഴി ശരവണ ഭവനിൽ പ്രൊവിഷൻ സ്റ്റോർ ഉടമയായ ജ്യോതിഷ് കുമാറിന്റെ വീട്ടിൽ ബുധനാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. പതിവുപോലെ കട പൂട്ടിയശേഷം നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഭാര്യയെ വിളിക്കാനായി ഹെൽമറ്റെടുക്കാൻ വീട്ടിൽ എത്തിയപ്പോഴാണ് അലമാര തുറന്ന് കിടക്കുന്നത് കണ്ടത്. ഉടൻതന്നെ സമീപത്തുള്ള സഹോദരിയുടെ മകനെ വിളിക്കാൻ പോയപ്പോൾ അടുക്കള വാതിലിലൂടെ മോഷ്ടാക്കൾ ഇറങ്ങിയൊടുന്നത് കണ്ടു. ബഹളമുണ്ടാക്കി ആളെ കൂട്ടിയാണ് ഇവരെ പിടികൂടിയത്. ജ്യോതിഷിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 1 പവൻ തൂക്കമുള്ള 2 വളകളും അരപ്പവൻ വീതമുള്ള 2 മോതിരങ്ങളും പണവുമാണ് കവർന്നത്. കോവളം മുട്ടയ്ക്കാട്ടിലെ ഒരു വീട്ടിൽ നിന്ന് മോഷ്‌ടിച്ച ബൈക്കുമായി അവണാകുഴിയിൽ എത്തിയപ്പോൾ പെട്രോൾ തീർന്നു. ആ ബൈക്ക് അവിടെ ഉപേക്ഷിച്ച ശേഷം മറ്റൊരു ബൈക്ക് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജ്യോതിഷിന്റെ വീട്ടിൽ മോഷണത്തിന് കയറിയത്. പിൻവാതിൽ തകർത്താണ് മോഷണം നടത്തിയതെന്ന് പ്രതികൾ പറഞ്ഞു.പ്രതികളിൽ വിമൽമിത്ര കാപ്പകേസ് പ്രതിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.