''അഞ്ചു വർഷത്തേത് ഏറ്റവും മോശം ഭരണം '' : ഡെപ്യൂട്ടി മേയർ പൊട്ടിത്തെറി പുറത്തേക്ക്
തൃശൂർ: മുപ്പത് വർഷം കൗൺസിലറായ തന്റെ കാലഘട്ടത്തിലെ ഏറ്റവും മോശം ഭരണമാണ് അഞ്ചു വർഷമായി നടക്കുന്നതെന്ന് തുറന്നടിച്ച് ഡെപ്യൂട്ടി മേയർ എം.എൽ.റോസി. ഇതോടെ കോർപറേഷന്റെ എൽ.ഡി.എഫ് ഭരണ സമിതിയിൽ വൻ പൊട്ടിത്തെറി. കഴിഞ്ഞ കൗൺസിലിൽ തുടർച്ചയായി മേയർക്കെതിരെയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തിക്കെതിരെയും വിമർശനങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് ഡെപ്യൂട്ടി മേയറുടെ പ്രസ്താവന. അരിസ്റ്റോ റോഡിന്റെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് മേയറും എൽ.ഡി.എഫും വിട്ടു നിന്നപ്പോൾ ഡെപ്യൂട്ടി മേയറാണ് ഉദ്ഘാടനം നിർവഹിച്ചത്. മേയർ റോഡിന്റെ ഉദ്ഘാടകനായി നോട്ടീസ് പുറത്തിറക്കിയിരുന്നെങ്കിലും പിന്നീട് 12ന് മന്ത്രിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഈ വിവരം തന്നെ അറിയിച്ചില്ലെന്നും അതുകൊണ്ടാണ് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചതെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു. ഞാൻ എന്ന ഭാവത്തോടെയാണ് മേയർ ഭരിക്കുന്നത്. ഒറ്റയാൾ പട്ടാളമല്ല കോർപറേഷൻ ഭരണം. കഴിഞ്ഞ കുറെ നാളായി എൽ.ഡി.എഫിലെ മറ്റ് ഘടക കക്ഷികളും അതൃപ്തിയിലാണ്. മേയറുടെ കനിവിൽ ഭരണം നിലനിറുത്തുന്നതിനാലാണ് സി.പി.എമ്മിനും മേയർക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കാൻ സാധിക്കാത്തതെന്നും ഡെപ്യൂട്ടി മേയർ കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് ആയുധം
തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കേ ഭരണപക്ഷത്തെ പ്രധാന നേതാവും ഡെപ്യൂട്ടി മേയറുമായ എം.എൽ.റോസി നടത്തിയ പ്രസ്താവനകൾ പ്രതിപക്ഷം വലിയ ആയുധമാക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച എം.കെ.വർഗീസിന്റെ പിൻബലത്തിലാണ് അഞ്ചു വർഷമായി എൽ.ഡി.എഫ് കോർപറേഷൻ ഭരിക്കുന്നത്. രണ്ട് വർഷമായിരുന്നു ധാരണയെങ്കിൽ അത്തരമൊരു തീരുമാനം ഉണ്ടായിരുന്നില്ലെന്ന് മേയർ വ്യക്തമാക്കിയതോടെ കടുംപിടുത്തത്തിന് നിൽക്കാതെ എം.കെ.വർഗീസിനെ തുടരാൻ അനുവദിക്കുകയായിരുന്നു. അതേസമയം എം.എൽ.റോസിക്ക് ഡെപ്യൂട്ടി മേയർ സ്ഥാനം അപ്രതീക്ഷിതമായി ലഭിച്ചതാണ്. ആദ്യ ടേം സി.പി.എമ്മിനും ബാക്കിയുള്ള സമയം സി.പി.ഐക്കും ഡെപ്യൂട്ടി മേയർ സ്ഥാനം എന്നായിരുന്നു ധാരണ. എന്നാൽ സി.പി.ഐയിലെ വനിതാ നേതാക്കൾ തമ്മിൽ സ്ഥാനത്തിന് പിടിവലിയായതോടെ സ്ഥാനം ഏറ്റെടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
ഡെപ്യൂട്ടി മേയറുടെ ചേംബറിലെ ശുചിമുറിയിലെ വെള്ളം മുടക്കി എൽ.ഡി.എഫ് ഭരണസമിതിയും മേയറും പക വീട്ടുകയാണ്. കൗൺസിൽ യോഗങ്ങളിൽ എൽ.ഡി.എഫ് നേതൃത്വത്തിനെതിരെയും മേയർക്കെതിരെയും നിലപാട് സ്വീകരിച്ചിരുന്നു. ഇതിന്റെ പ്രതികാരമെന്ന നിലയിലാണ് വെള്ള പ്രശ്‌നം പരിഹരിക്കാത്തതും വാതിൽ ശരിയാക്കാത്തതും.
രാജൻ.ജെ.പല്ലൻ
പ്രതിപക്ഷ നേതാവ്
ശുചിമുറിയിൽ വെള്ളമില്ല. നിരവധി തവണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടിയില്ല.
എം.എൽ.റോസി ഡെപ്യൂട്ടി മേയർ.
ഡെപ്യൂട്ടി മേയർക്ക് തന്നെയായി വാട്ടർ ടാങ്ക് ഇല്ല
എം.കെ.വർഗീസ് മേയർ.