'മാതൃയാനത്തിൽ' അമ്മയ്ക്കും കുഞ്ഞിനും സുഖംതന്നെ

Friday 08 August 2025 1:48 AM IST

പ്രയോജനപ്പെടുത്തിയത് 1478 അമ്മമാർ

ഇടുക്കി: പ്രസവാനന്തരം ആശുപത്രിയിൽ നിന്ന് നവജാതശിശുവുമായി വീട്ടിലെത്താൻ സ്വകാര്യവാഹനങ്ങൾക്ക് നൽകേണ്ട ഭീമമായ തുകയെക്കുറിച്ചോർത്തുള്ള ആശങ്ക ഇപ്പോഴില്ല. പ്രസവത്തിനായി സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് ഏറെ സഹായകമായ മാതൃയാനം അവരെ സുരക്ഷിതമായി വീട്ടിലെത്തിക്കും. പദ്ധതിയാരംഭിച്ച് രണ്ട് വർഷം പിന്നിടുമ്പോൾ ജില്ലയിൽ 1478 അമ്മയേയും കുഞ്ഞിനേയുമാണ് മാതൃയാനം പദ്ധതി വഴി സുരക്ഷിതമായി വീടുകളിൽ എത്തിച്ചത്.പ്രസവ ശേഷം അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വാഹനത്തിൽ വീട്ടിലെത്തിക്കുന്ന സർക്കാരിന്റെ മികവുറ്റ പദ്ധതിയാണ് മാതൃയാനം. പ്രസവം നടക്കുന്ന ജില്ലയിലെ സർക്കാർ ആശുപത്രികളിലാണ് ഈ പദ്ധതി നിലവിലുള്ളത്. എംപാനൽ ചെയ്ത ടാക്‌സികളിൽ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ജി.പി.എസ് സംവിധാനം ഉൾപ്പെടുത്തിയിട്ടുള്ള മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. എ.പി.എൽ., ബി.പി.എൽ. വ്യത്യാസമില്ലാതെ എല്ലാ കുടുംബങ്ങൾക്കും പ്രയോജനം നൽകിയാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്.നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ 365 പേരും പീരുമേട്ടിൽ 126 പേരും തൊടുപുഴയിൽ 417 പേരും അടിമാലിയിൽ 355പേരും ഇടുക്കി മെഡിക്കൽ കോളേജിൽ 215 പേരുമാണ് സർക്കാരിന്റെ സൗജന്യയാത്രാ സൗകര്യം പ്രയോജനപ്പെടുത്തിയത്.