നാലാംക്ലാസുകാരിയെ ഉപദ്രവിച്ച പിതാവും രണ്ടാനമ്മയും ഒളിവിൽ

Friday 08 August 2025 1:52 AM IST

ആലപ്പുഴ: നൂറനാട്ട് നാലാം ക്ലാസുകാരിയെ ക്രൂരമായി ഉപദ്രവിച്ച കേസിൽ പിതാവും രണ്ടാനമ്മയും ഒളിവിൽ. ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണം തടത്തിൽ അൻസർ, രണ്ടാംഭാര്യ ഷെഫിന എന്നിവരാണ് ഒളിവിൽപ്പോയത്. കുട്ടിയെ ശിശുസംരക്ഷണ സമിതിയുടെ നിരീക്ഷണത്തിൽ പിതാവിന്റെ വീട്ടിലേക്ക് മാറ്റി.

ആദിക്കാട്ടുകുളങ്ങരയിലെ സ്വകാര്യസ്കൂൾ വിദ്യാർത്ഥിയാണ്. ബുധനാഴ്ച സ്കൂളിലെത്തിയപ്പോഴാണ് മുഖത്തുൾപ്പടെ മർദ്ദനമേറ്റ പാടുകൾ അദ്ധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടത്. താൻ അനുഭവിക്കുന്ന ദുരിതം അദ്ധ്യാപകരോട് കുട്ടി തുറന്നു പറഞ്ഞു. കുട്ടി ജനിച്ച്‌ ഏഴാംദിവസം അമ്മ മരിച്ചു. ഒന്നരവർഷം കഴിഞ്ഞപ്പോൾ പിതാവ് രണ്ടാമത് വിവാഹം കഴിച്ചു. പിതാവിന്റെ വീട്ടിലായിരുന്ന കുടുംബം ഒന്നരവർഷം മുമ്പാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. അന്നുമുതൽ പീഡനമാണ്.

നോവായി കത്ത്

എനിക്ക് അമ്മയില്ല കേട്ടോ, രണ്ടാനമ്മയാണ്. ഒരു പ്ലേറ്റ് ചോദിച്ചപ്പോൾ ഉമ്മി കരണത്തടിച്ചു, സെറ്റിയിൽ ഇരിക്കാൻ അനുവദിക്കില്ല, ബാത്ത് റൂം ഉപയോഗിക്കാൻ അനുവദിക്കില്ല... തുടങ്ങി താൻ നേരിട്ട അനുഭവങ്ങൾ എഴുതിയ കത്ത് കുട്ടിയുടെ പുസ്തകത്തിൽ നിന്ന് അദ്ധ്യാപകർക്ക് കിട്ടിയിരുന്നു.