വിരട്ടൽ വേണ്ട; ട്രംപിന്റെ തീരുവ, വഴങ്ങില്ലെന്ന് പ്രഖ്യാപിച്ച് നരേന്ദ്ര മോദി
ന്യൂഡൽഹി: ട്രംപിന്റെ 50% ഇറക്കുമതി തീരുവയ്ക്കു മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇന്ത്യ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു. രാജ്യത്തെ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താത്പര്യം ബലികഴിക്കുന്ന ഒരു നടപടിക്കുമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വ്യക്തമാക്കി. ഈ സാഹചര്യം അവസരമാക്കി സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള ബദൽ നടപടികളിലേക്ക് കടക്കും. നയതന്ത്രതലത്തിലും നീക്കങ്ങൾ ഊർജ്ജിതമാക്കും. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിലാണ് യു.എസ് പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ദിവസം കടുത്ത നടപടി പ്രഖ്യാപിച്ചത്. അസാധാരണ തീരുവ കാർഷിക മേഖലയെയും ബാധിക്കുന്ന സാഹചര്യത്തിലാണ് മോദി നിലപാട് അറിയിച്ചത്. എം.എസ്.സ്വാമിനാഥൻ ശതാബ്ദി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. വ്യക്തിപരമായി വില കൊടുക്കേണ്ടിവരുമെന്ന് അറിയാമെങ്കിലും ഭീഷണിയെ നേരിടുമെന്നത് ഇന്ത്യയുടെ നിലപാടിന്റെ പ്രഖ്യാപനമാണ്.
അവസരമാക്കണമെന്ന് വിദഗ്ദ്ധർ
1. പ്രതിസന്ധിയെ അവസരമാക്കി മാറ്റാമെന്ന് നിതി ആയോഗ് മുൻ സി.ഇ.ഒ അമിതാഭ് കാന്ത് ഉൾപ്പെടെ വിദഗ്ദ്ധർ
2. ടെക്സ്റ്റയിൽസ്, ആഭരണങ്ങൾ, വാഹന പാർട്സുകൾ തുടങ്ങി വിവിധ മേഖലകളെ തീരുവ ബാധിക്കും
3. സാമ്പത്തിക പരിഷ്കാരങ്ങളും നികുതി ഘടനയിൽ മാറ്റവും വേണ്ടിവരും
4. സ്വദേശി ഉത്പന്നങ്ങൾ വാങ്ങുന്നത് കാര്യമായി പ്രോത്സാഹിപ്പിക്കണം
5. കയറ്റുമതിയെ മാത്രം ആശ്രയിക്കാതെ ആഭ്യന്തരമായ വ്യാപാരത്തിന് ഊന്നൽ നൽകണം
മോദി- പുട്ടിൻ- പിംഗ്
കൂടിക്കാഴ്ചയ്ക്ക് സാദ്ധ്യത
ട്രംപ് സമ്മർദ്ദ തന്ത്രമായി തീരുവ ഇനിയും കൂട്ടിയേക്കാം. അതിനാൽ നയതന്ത്ര നീക്കം ഇന്ത്യ ശക്തമാക്കുകയാണ്. ഷാങ്ഹായി ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി 31ന് ചൈനയിൽ പോകും. റഷ്യൻ പ്രസിഡന്റ് പുട്ടിനും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ മോദി- പുട്ടിൻ- പിംഗ് കൂടിക്കാഴ്ചയ്ക്ക് പ്രസക്തി ഏറെയാണ്. ഇതിനിടെ, യുക്രെയിനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ട്രംപ്- പുട്ടിൻ കൂടിക്കാഴ്ച ഉടനുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. ഈവർഷം അവസാനം പുട്ടിൻ ഇന്ത്യയിലെത്തുമെന്ന് റഷ്യയിൽ കൂടിക്കാഴ്ചയ്ക്കുശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സൂചിപ്പിച്ചു. ബ്രസീലിയൻ പ്രസിഡന്റ് ലുല ദ സിൽവ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചു. ട്രംപിന്റെ തീരുവ അടക്കം ചർച്ചയായി.
തീരുവ നടപ്പാക്കും മുമ്പ് ഇന്ത്യയ്ക്ക് 21 ദിവസമാണ് അനുവദിച്ചിരിക്കുന്നത്. ഇതിനകം ട്രംപിന് മനംമാറ്റമില്ലെങ്കിൽ യു.എസിൽ നിന്നുള്ള ഇറക്കുമതിക്കും 50% തീരുവ ചുമത്തണം
- ശശി തരൂർ,
കോൺഗ്രസ് നേതാവ്