ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്ക് സുപ്രീംകോടതിയിൽ തിരിച്ചടി
ജഡ്‌ജിയുടെ ഹർജി തള്ളി
ന്യൂഡൽഹി: ഇംപീച്ച്മെന്റ് ഭീഷണി നേരിടുന്ന അലഹബാദ് ഹൈക്കോടതി സിറ്റിംഗ് ജഡ്‌ജി യശ്വന്ത് വർമ്മ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഡൽഹി ഹൈക്കോടതി ജഡ്‌ജിയായിരിക്കെ,ഔദ്യോഗിക വസതിയിൽ നോട്ടുകൂമ്പാരം കണ്ടെത്തിയത് വിവാദമായിരന്നു. യശ്വന്ത് കുറ്റക്കാരനാണെന്ന് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ ആഭ്യന്തരസമിതി കണ്ടെത്തി. ഇംപീച്ച്മെന്റിന് ശുപാർശ ചെയ്‌ത് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കത്തയച്ചു. ആഭ്യന്തരസമിതിയുടെ റിപ്പോർട്ട് റദ്ദാക്കണമെന്നും ചീഫ് ജസ്റ്റിസിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നുമാണ് ഹർജിയിൽ ജഡ്‌ജി ആവശ്യപ്പെട്ടിരുന്നത്.
ഹർജി നിലനിൽക്കില്ലെന്നും,യശ്വന്ത് വർമ്മയുടെ വാദങ്ങൾ വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്നും ജസ്റ്റിസുമാരായ ദീപാങ്കർ ദത്തയും,അഗസ്റ്റിൻ ജോർജ് മസീഹും അടങ്ങിയ പ്രത്യേക ബെഞ്ച് വ്യക്തമാക്കി. ഇതോടെ ഇംപീച്ച്മെന്റിന് മുന്നോടിയായുള്ള സമിതി രൂപീകരണം അടക്കം നടപടികൾക്ക് തുടക്കം കുറിക്കാൻ ലോക്‌സഭാ സ്‌പീക്കർക്ക് സാധിക്കും. ജഡ്‌ജിയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഒറ്രക്കെട്ടായി ലോക്‌സഭയിൽ ഇംപീച്ച്മെന്റ് നോട്ടീസ് നൽകിയിരിക്കുകയാണ്. അതേസമയം,ജഡ്‌ജിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തു അന്വേഷിക്കണമെന്ന മലയാളി അഭിഭാഷകൻ മാത്യൂസ് ജെ. നെടുമ്പാറയുടെ ആവശ്യം സുപ്രീംകോടതി നിരസിച്ചു.
ആഭ്യന്തര അന്വേഷണത്തിന്
അധികാരമുണ്ട്
സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണം ഭരണഘടനാപരമായി നിലനിൽക്കുന്നതല്ലെന്ന യശ്വന്ത് വർമ്മയുടെ വാദം തള്ളി. അന്വേഷണ നടപടികൾക്ക് നിയമപരിരക്ഷയുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. ഇംപീച്ച്മെന്റിന് ശുപാർശ ചെയ്‌ത് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കത്തയച്ചത് കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചായിരുന്നു. തന്റെ ഭാഗം ആഭ്യന്തരസമിതി കേട്ടില്ലെന്ന ജഡ്‌ജിയുടെ വാദവും അംഗീകരിച്ചില്ല. അതേസമയം,നോട്ടുകൂമ്പാരം കത്തുന്നത് അടക്കം ദൃശ്യങ്ങൾ സുപ്രീംകോടതി വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്‌തത് ശരിയായില്ലെന്നും നിരീക്ഷിച്ചു. ഭാവിയിലെ ഏതെങ്കിലും നടപടികൾ സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാനും അനുമതി നൽകി.