അമേരിക്കൻ തീരുവ യുദ്ധം: സി.പി.എം ട്രംപിന്റെ കോലം കത്തിക്കും
തിരുവനന്തപുരം:ഇന്ത്യൻ ഉൽപന്നങ്ങൾക്ക് തീരുവ 50%ആയി വർദ്ധിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഇന്നും നാളെയും പ്രാദേശിക അടിസ്ഥാനത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും, ട്രംപിന്റെ കോലം കത്തിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ
അറിയിച്ചു.
അമേരിക്ക തീരുവ വർധിപ്പിച്ചത് കേരളത്തിന് വലിയ ആഘാതമുണ്ടാക്കും. സമുദ്രോൽപ്പന്ന ,സുഗന്ധവ്യഞ്ജന കയറ്റുമതിയെ ബാധിക്കും. ട്രംപിനെ വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങിയ മോദിക്കേറ്റ തിരിച്ചടിയാണ് തീരുവ കൂട്ടൽ. രാജ്യത്തെ ടെക്സ്റ്റയിൽ, മരുന്ന് നിർമാണം, ആഭരണങ്ങൾ, തുടങ്ങിയ മേഖലകളിലും അമേരിക്കൻ നടപടി പ്രതിസന്ധിയുണ്ടാക്കും. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് ഇന്നലെ ദേശീയ ജനറൽ സെക്രട്ടറി എം.എ.ബേബി, പി.ബി.അംഗങ്ങളായ പിണറായി വിജയൻ, എ.വിജയരാഘവൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയും സെക്രട്ടേറിയറ്റും വിലയിരുത്തി.
പാലിയേറ്റീവ് പ്രവർത്തനം പാർട്ടി ശക്തമാക്കും ഓഗസ്റ്റ് 19 ന് കൃഷ്ണപിള്ള ദിനത്തിൽ കിടപ്പ് രോഗികളെ പാർട്ടി നേതാക്കൾ സന്ദർശിക്കും.സംസ്ഥാനത്ത് ഒന്നര ലക്ഷം കിടപ്പ് രോഗികളുണ്ട്.കോൺഗ്രസ് പ്രവർത്തകൻ ആനാട് ശശിയുടെ ആത്മഹത്യയ്ക്ക്
ഇടയാക്കിയ പണം തിരിമറിക്ക് പിന്നിൽ കോൺഗ്രസ് നേതാക്കളാണ്. വയനാട്ടിലും സമാനമായ സ്ഥിതിയാണുണ്ടായത്. തട്ടിപ്പിന്റെ കേന്ദ്രമായി കോൺഗ്രസ് മാറിയെന്നും ഗോവിന്ദൻ വിമർശിച്ചു.