തിര. കമ്മിഷനെതിരെ രാഹുൽഗാന്ധി: ബി.ജെ.പിക്കായി വോട്ട് ചോർത്തി
ന്യൂഡൽഹി: ലോക്‌സഭാ, അസംബ്ളി തിരഞ്ഞെടുപ്പ് നടത്തിപ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കൃത്രിമം നടത്തിയെന്ന ആരോപണം കടുപ്പിച്ച് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പിയെ സഹായിക്കാനാണിതെന്നും ആരോപിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലും മഹാരാഷ്‌ട്ര, ഹരിയാന അസംബ്ളി തിരഞ്ഞെടുപ്പുകളിലും വോട്ടർപ്പട്ടികയിലടക്കം കൃത്രിമവും വോട്ടുമോഷണവും നടത്തിയെന്നാണ് രാഹുലിന്റെ ആരോപണം.
ബി.ജെ.പി ജയിച്ച കർണാടകയിലെ ബംഗളൂരു സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിൽപ്പെടുന്ന മഹാദേവപുര അസംബ്ളി മണ്ഡലത്തിൽ 1,00,250 വോട്ടുകൾ മോഷ്‌ടിക്കപ്പെട്ടെന്ന് കണക്കുകൾ നിരത്തി രാഹുൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആഭ്യന്തര സർവേയിൽ കോൺഗ്രസ് ജയിക്കുമെന്ന് കണ്ടെത്തിയ മണ്ഡലങ്ങളിലൊന്നായിരുന്നു ബംഗളൂരു സെൻട്രൽ.
എന്നാൽ, 32,707 വോട്ടിന് ബി.ജെ.പി ജയിച്ചു. മഹാദേവപുര അസംബ്ളി മണ്ഡലത്തിൽ ബി.ജെ.പിക്ക് 1,14,046 വോട്ടിന്റെ ലീഡ് ലഭിച്ചു. 1,00,250 വോട്ടുകൾ മോഷ്‌ടിക്കപ്പെട്ടെന്ന് കണ്ടെത്തിയതായി രാഹുൽ പറഞ്ഞു. മഹാരാഷ്‌ട്ര, ഹരിയാന അസംബ്ളി തിരഞ്ഞെടുപ്പുകളിൽ 'ഇന്ത്യ' സഖ്യം തോറ്റത് വോട്ടർപ്പട്ടികയിലെ ക്രമക്കേട് കാരണമാണെന്നും ആരോപിച്ചു.
'തിരഞ്ഞെടുപ്പ്
അട്ടിമറിക്കുന്നു'
25 സീറ്റുകളുടെ നേരിയ ഭൂരിപക്ഷത്തിലാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായത്. ഈ സീറ്റുകളിൽ ബി.ജെ.പി ജയിച്ചത് 33,000ൽ താഴെ വോട്ടുകൾക്കാണെന്ന് രാഹുൽ പറഞ്ഞു. വോട്ടർപ്പട്ടികയുടെ ഇലക്ട്രോണിക് ഡേറ്റ നൽകാതെയും സി.സി ടിവി ദൃശ്യങ്ങൾ സൂക്ഷിക്കാൻ അനുവദിക്കാതെയും തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ബി.ജെ.പിയെ സഹായിച്ചെന്നും കുറ്റപ്പെടുത്തി.
മഹാദേവപുരയിലെ ക്രമക്കേട്
വോട്ടർപ്പട്ടികയിൽ ഇരട്ട വോട്ടർമാർ 11,965. വ്യാജ വിലാസം/ വിലാസം ഇല്ലാത്തവർ 40,009.
ഒറ്റ വിലാസമുള്ളവർ 10,452. ഒറ്റ കിടപ്പു മുറിയുള്ള വീട്ടിൽ 50 ഓളം പേരുടെ വിലാസം
യഥാർത്ഥ ഫോട്ടോയില്ലാത്തവർ, തിരിച്ചറിയാൻ കഴിയാത്ത വിധമുള്ള ഫോട്ടോകൾ 4,132
70 വയസുള്ളവരും പുതിയ വോട്ടർമാരായി രജിസ്റ്റർ ചെയ്‌തു
ഒരേ വ്യക്തിയുടെ പേര് കർണാടക, യു.പി, മഹാരാഷ്ട‌്ര വോട്ടർപ്പട്ടികയിലും
(രാഹുൽ പുറത്തുവിട്ടത്)
തെളിവ് കൈമാറും
വോട്ടർപ്പട്ടികയിൽ കൃത്രിമം നടത്തിയെന്ന അവകാശവാദങ്ങളുടെ തെളിവ് ഹാജരാക്കാൻ കർണാടക ചീഫ് ഇലക്ടറൽ ഓഫീസ് രാഹുൽഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. തെളിവ് കൈമാറുമെന്ന് പാർട്ടി അറിയിച്ചു. ഇന്ന് ബംഗളൂരുവിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തും.