ഇന്ത്യ - യു.എസ് ബന്ധം അഥവാ ഒരു റോളർ കോസ്റ്റർ റൈഡ്

Friday 08 August 2025 12:53 AM IST

1998-2000 കാലഘട്ടങ്ങളിൽ വാഷിംഗ്ടൺ എംബസിയിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനെന്ന നിലയ്ക്ക് ഇന്നത്തെ ഇന്ത്യ-അമേരിക്ക ബന്ധങ്ങളിലുണ്ടായ പ്രശ്നങ്ങൾ വലിയ ഗൗരവകരമാണെന്ന് തോന്നുന്നില്ല. തുടക്കത്തിൽ ഇന്ത്യയോട് പ്രത്യേക താത്പര്യമുണ്ടായിരുന്ന മുൻ യു.എസ് പ്രസിഡന്റ് ക്ലിന്റൺ ഇന്ത്യ നൂക്ലിയർ ടെസ്റ്റ് നടത്തിയതിന് ശേഷം അതിരൂക്ഷമായി വിമർശിക്കുകയുണ്ടായി. കോംപ്രിഹെൻസീവ് ടെസ്റ്റ് ബാൻ ട്രീറ്റിയിൽ ഉടൻ ഒപ്പിടാൻ അദ്ദേഹം ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഗ്ലെൻ ഭേദഗതി അനുസരിച്ചുള്ള ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. അന്ന് ഇന്ത്യ-യു.എസ് ബന്ധങ്ങളിൽ വലിയ വിള്ളലുണ്ടായി.

ഒരുസമയത്ത് എല്ലാ ഇന്ത്യക്കാരെയും യു.എസിൽ നിന്ന് പുറത്താക്കുമെന്നുമുള്ള അഭ്യൂഹങ്ങളുണ്ടായി. തുടക്കത്തിൽ യാതൊരു ചർച്ചയും സംഭാഷണവും നടന്നില്ല. രണ്ടുവർഷം കഴിഞ്ഞപ്പോൾ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു. ക്ലിന്റൺ ഇന്ത്യയിൽ വരികയും വലിയ സ്നേഹബന്ധം സ്ഥാപിക്കപ്പെടുകയും ചെയ്തു. അന്നത്തെപ്പോലെ അല്ലെങ്കിൽ അതിനെക്കാൾ ഗുരുതരമായ സംഭവവികാസങ്ങളാണ് ഇന്ന് നടക്കുന്നതെന്ന് നമുക്ക് തോന്നുന്നതിന് ഒരു കാരണമുണ്ട്. മോദിയും ട്രംപുമായിയുണ്ടായ സ്നേഹബന്ധത്തെ അത്രയും അത്ഭുതത്തോടെയാണല്ലോ ലോകം നോക്കിക്കണ്ടത്. ഇതുവരെ രണ്ട് ഭരണാധികാരികൾ തമ്മിൽ ഇല്ലാത്ത തരത്തിലുള്ള ബന്ധം. മോദിയും ട്രംപും ഉള്ളിടത്തോളം കാലം ഇന്ത്യ-യു.എസ് ബന്ധം കൂടുതൽ മെച്ചപ്പെടുമെന്ന് എല്ലാവരും കരുതി.  എന്നാൽ,​അധികം വൈകാതെയാണ് ഇന്നത്തെ സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞത്. വളരെ ആലോചിച്ച് തീരുമാനങ്ങൾ എടുത്തിരുന്ന ക്ലിന്റനിൽ നിന്ന് വ്യത്യസ്തനായി ട്രംപ് അപ്രതീക്ഷിതമായാണ് കാര്യങ്ങൾ നീക്കുന്നത്. എന്തും ചെയ്യാൻ മടിക്കില്ല. ഇപ്പോൾ ഇന്ത്യക്ക് മുകളിൽ അടിച്ചേൽപ്പിക്കപ്പെട്ട ഉയർന്ന തീരുവ ചരിത്രത്തിൽ ഒരുകാലത്തും ഉണ്ടായിട്ടില്ല. 50 ശതമാനം തീരുവ കൂടാതെ റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തതിലുള്ള ശിക്ഷയും ട്രംപ് പ്രഖ്യാപിച്ചിരിക്കുകയാണ്. 

എന്തും സംഭവിക്കാം

1998 പോലെ ഒരു ആഗോള വ്യവസ്ഥിതി നിലവിൽ ഇല്ലാത്ത കാലമാണിത്. ഒരു പൊതുവ്യവസ്ഥ വരുന്നത് വരെ എല്ലാ രാജ്യങ്ങളും സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ നിർബന്ധിതരാകുന്നു. അതിനാൽ ഈ സാഹചര്യം എങ്ങനെ രണ്ട് രാജ്യങ്ങളും കൈകാര്യം ചെയ്യുമെന്നതിലാണ് കാര്യം. റഷ്യ-യുക്രെയിൻ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ യുദ്ധം നടക്കുകയാണ്. ഈ സാഹചര്യത്തിൽ ആര് ആരുടെ കൂടെ നിൽക്കും,​ പോകും എന്നതിൽ ഉറപ്പില്ല. യു.എസിനെ സംബന്ധിച്ച് പ്രധാന ശത്രു ചൈനയാണ്. പക്ഷേ ചൈനയോടുള്ള അതേ ധാർഷ്ട്യത്തോടെയാണ് ട്രംപ് ഇപ്പോൾ ഇന്ത്യയോട് പെരുമാറുന്നത്. ഒരു പരമോന്നത രാജ്യമെന്ന നിലയിൽ തന്റേതായ വ്യക്തിമുള്ള ഇന്ത്യ ശക്തമായി അതിനെ ചെറുക്കുകയാണ്. എല്ലാ കാലത്തും ഇന്ത്യ-അമേരിക്ക ബന്ധങ്ങൾ ഒരു റോള‍ർ കോസ്റ്റർ പോലെയാണ്. ഏത് നിമിഷവും മുകളിലെത്താം. താഴെ പോകാം. സ്വാതന്ത്ര്യം ലഭിച്ചത് മുതൽ പലവട്ടം ഇതുണ്ടായിട്ടുണ്ട്. അവരവരുടെ വാണിജ്യ താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടേ ഇരുരാജ്യങ്ങൾക്കും തീരുമാനം എടുക്കാനാവൂ. ട്രംപ് യുദ്ധത്തിന് പകരം തീരുവയെന്ന ആയുധമാണ് ഇവിടെ ഉപയോഗിക്കുന്നത്. അന്ത്യശാസനമായി ബോംബിന് പകരം തീരുവ ഏ‍ർപ്പെടുത്തിയത് സമാധാനത്തിലേയ്ക്കുള്ള നീക്കമായി നോക്കിക്കാണാം.

കാത്തിരുന്ന

നോബൽ

ഇന്ത്യ-പാക് യുദ്ധം അവസാനിച്ചത് ട്രംപിന്റെ ഇടപെടൽ കാരണമാണെന്ന അമേരിക്കയുടെ അവകാശവാദം നമ്മൾ നിഷേധിച്ചത് ട്രംപിനെ കുപിതനാക്കിയിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും അദ്ദേഹത്തെ സമാധാനത്തിന്റെ ദൂതനായി അംഗീകരിച്ചാൽ ലഭിക്കുന്ന നോബൽ പ്രൈസിലായിരുന്നു അദ്ദേഹം കണ്ണുനട്ടിരുന്നത്. വൈറ്റ്ഹൗസ് നോബൽ ആവശ്യപ്പെട്ടെങ്കിലും യുദ്ധം സമാധാനത്തിലേയ്ക്ക് എത്തിയതിൽ ട്രംപിന്റെ റോൾ ഇന്ത്യ പാടെ നിഷേധിച്ചിട്ടുണ്ട്. അതേസമയം,താനുമായി സൗഹൃദം സ്ഥാപിക്കുന്നവർ തന്നെ പീസ്-മേക്കറായി അംഗീകരിക്കണമെന്നും നോബേൽ സമ്മാനത്തിന് നിർദ്ദേശിക്കണമെന്നുമുള്ള പുതിയ മാനദണ്ഡം പാലിച്ചതിനാൽ പാകിസ്ഥാനും ഇസ്രയേലും ട്രംപിന്റെ കണ്ണിലുണ്ണികളായി. ലോകം നോക്കിക്കാണുന്ന രണ്ട് ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയ്ക്ക് പ്രശ്നങ്ങൾ വൈകാതെ രമ്യമായി പരിഹരിക്കപ്പെടുമെന്ന ശുഭാപ്തിവിശ്വാസം സൂക്ഷിക്കുന്നതിൽ തെറ്റില്ല.

(മുൻ ഇന്ത്യൻ അംബാസഡറാണ് ലേഖകൻ )