യു.എസ് തീരുവ: വിമർശിച്ച് പ്രതിപക്ഷം

Friday 08 August 2025 12:53 AM IST

ന്യൂഡൽഹി: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50% തീരുവ ചുമത്താനുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾ‌ഡ് ട്രംപിന്റെ തീരുമാനം മോദി സർക്കാരിന്റെ വിദേശനയത്തിന്റെ പരാജയമാണ് സൂചിപ്പിക്കുന്നതെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. വിദേശനയത്തിന്റെ ദുരന്തചിത്രമാണിത്. യു.എസുമായുള്ള വ്യാപാരക്കരാറിൽ സമവായമുണ്ടാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിച്ചില്ല. രാജ്യത്തിന്റെ താത്പര്യമാണ് മുഖ്യമെന്നും കൂട്ടിച്ചേർത്തു. യു.എസ് നീക്കം സ്വേച്ഛാധിപത്യപരവും യു.എസ് ഭരണക്കൂടത്തിന്റെ ഭീഷണിപ്പെടുത്തൽ തന്ത്രമാണെന്നും സി.പി.എം പ്രതികരിച്ചു. ഇന്ത്യൻ കയറ്റുമതിക്കാരുടെ താത്പര്യം സംരക്ഷിക്കുന്നതിനുള്ള നടപടി കേന്ദ്രം ഉടൻ സ്വീകരിക്കണം. യു.എസ് ഭീഷണിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സി.പി.എം പൊളിറ്റ് ബ്യൂറൊ അറിയിച്ചു. വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ എം.പിമാർ ആവശ്യപ്പെട്ടു.

സാമ്പത്തിക നയത്തിൽ

മാറ്റം വേണം

ഇന്ത്യ സാമ്പത്തിക നയങ്ങളിൽ മാറ്റം വരുത്തണമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര അഭിപ്രായപ്പെട്ടു. തീരുവ ഭീഷണിയെ അവസരമാക്കി മാറ്റാൻ ഇന്ത്യ സ്വീകരിക്കേണ്ട രണ്ട് പ്രധാന നടപടികളും നിർദ്ദേശിച്ചു. നിക്ഷേപകർക്ക് എല്ലാ അനുമതികളും ഒറ്റ പോർട്ടലിലൂടെ നൽകുന്ന സിംഗിൾ -വിൻഡോ ക്ലിയറൻസ് സംവിധാനം നടപ്പാക്കണം. നിക്ഷേപങ്ങൾക്ക് വേഗതയും ലാളിത്യവും പ്രവചനാത്മകതയും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.