ഉധംപൂരിൽ വാഹനം മറിഞ്ഞ് മൂന്ന് ജവാൻമാർ മരിച്ചു, 10 പേർക്ക് പരിക്ക്

Friday 08 August 2025 1:01 AM IST

ശ്രീനഗർ: ജമ്മു കാശ്മീരിലെ ഉധംപൂരിൽ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സി.ആർ.പി.എഫ്) വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ജവാൻമാർ മരിച്ചു. പത്ത് ജവാൻമാർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഇന്നലെ കഡ്വ-ബസന്ത്ഗഢ് മേഖലയിലായിരുന്നു അപകടം.

കുന്നിൻ പ്രദേശത്തെ സ്ഥലത്തേക്ക് പോകുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നും രക്ഷാപ്രവർത്തനം ഉടൻ ആരംഭിച്ചതിനാൽ അപകടത്തിന്റെ ആഘാതം കുറയ്ക്കാനായെന്നും ഉധംപൂർ ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു.

അതേസമയം,​ സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. 'കഡ്വ-ബസന്ത്ഗഢ് മേഖലയിൽ സി.ആർ.പി.എഫ് വാഹനം ഉൾപ്പെട്ട റോഡപകടത്തിന്റെ വാർത്ത അസ്വസ്ഥതയുണ്ടാക്കുന്നതാണ്. വാഹനത്തിൽ സി.ആർ.പി.എഫിലെ ധീരരായ നിരവധി ജവാന്മാരുണ്ടായിരുന്നു. ജില്ലാ കളക്ടർ സലോനി റായി സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിക്കുകയും വിവരങ്ങൾ അറിയിക്കുകയും ചെയ്യുന്നുണ്ട്'. അദ്ദേഹം എക്സിൽ കുറിച്ചു.

ജമ്മു കാശ്മീരിലെ പൂഞ്ച്, രജൗരി, റംബാൻ, ഉധംപൂർ, ദോഡ, കിഷ്ത്വാർ എന്നിവയുൾപ്പെടെയുള്ള മലയോര ജില്ലകളിൽ അപകടങ്ങൾക്ക് പ്രധാന കാരണമായി ട്രാഫിക് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്, കുന്നിൻ പ്രദേശങ്ങൾ, അമിത വേഗത, റോഡിലെ തിരക്ക്, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവയാണ്. പലപ്പോഴും മാരകമായ മരണങ്ങൾക്ക് കാരണമാകുന്ന കുറ്റകൃത്യങ്ങൾക്കെതിരെ സംരക്ഷണം നൽകുന്നതിനായി ഈ ജില്ലകളിൽ പ്രത്യേക ട്രാഫിക് സ്ക്വാഡുകളെ വിന്യസിച്ചിട്ടുണ്ട്.