ഉത്തരകാശിയിലെ മേഘവിസ്ഫോടനം, 70 പേരെ രക്ഷപ്പെടുത്തി; തെരച്ചിൽ തുടരുന്നു

Friday 08 August 2025 1:02 AM IST

ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ ധരാലിയിൽ മേഘ വിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു. അതേസമയം, സൈന്യം ഇന്നലെ 70 പേരെ രക്ഷപ്പെടുത്തി. 50ലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. പ്രളയത്തിൽ ഒലിച്ചുപോയ ധരാലി ടൗണിൽ നിന്ന് ബുധനാഴ്ച 190 പേരെ രക്ഷപ്പെടുത്തിയിരുന്നു. പ്രളയം തകർത്ത ഉത്തരകാശിയിലെ 12 ഗ്രാമങ്ങൾ ഒറ്റപ്പെട്ടിരിക്കുകയാണ്. മോശം കാലാവസ്ഥയും ദുരന്തബാധിത മേഖലകളിലേക്ക് എത്താനുള്ള ബുദ്ധിമുട്ടും രക്ഷാപ്രവർത്തനം തടസപ്പെടുത്തുന്നുണ്ട്. വ്യോമമാർഗമാണ് രക്ഷാപ്രവർത്തകരെ എത്തിക്കുന്നത്. സൈന്യം ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. ഉത്തരകാശിയിൽ നിന്ന് ഗംഗോത്രിയിലേക്കുള്ള ദേശീയപാത ഏതാണ്ട് പൂർണമായി തകർന്നിരിക്കുകയാണ്. ദുരന്തബാധിത മേഖലയിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ തകരാറിലായതിനാൽ സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തകർ ആശയവിനിമയം നടത്തുന്നത്. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ഉത്തരകാശി സന്ദർശിച്ചിരുന്നു. അതേസമയം, ഇവിടെ കുടുങ്ങിയ മലയാളികളെ എയർ ലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങളും തുടരുകയാണ്.