പാക് സൈനിക മേധാവി യു.എസിലേക്ക്
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ട്രംപ് തീരുവ ഭീഷണികൾ തുടരുന്നതിനിടെ,പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസീം മുനീർ വീണ്ടും യു.എസിലേക്ക്. മുനീർ ഇന്ന് ഫ്ലോറിഡയിലെത്തുമെന്നാണ് റിപ്പോർട്ട്. താംപയിൽ,യു.എസ് സെൻട്രൽ കമാൻഡിന്റെ കമാൻഡർ ജനറൽ മൈക്കൽ കുറില്ലയുടെ ഔദ്യോഗിക യാത്ര അയപ്പ് ചടങ്ങിൽ പങ്കെടുക്കും.
സെൻട്രൽ കമാൻഡിന്റെ ക്ഷണപ്രകാരമാണ് മുനീറിന്റെ സന്ദർശനം. ഏതാനും ആഴ്ചകൾക്ക് മുന്നേ പാകിസ്ഥാന്റെ 'ഭീകര വിരുദ്ധ പ്രവർത്തനങ്ങളെ" കുറില്ല പുകഴ്ത്തിയിരുന്നു. ജൂലായിൽ ഇസ്ലാമാബാദിലെത്തിയ കുറില്ലയ്ക്ക് പാക് സർക്കാർ ഉന്നത ബഹുമതി നൽകി ആദരിച്ചിരുന്നു. പാകിസ്ഥാനും യു.എസും തമ്മിലെ ബന്ധം കൂടുതൽ ആഴത്തിലേക്ക് പോകുന്നതിന്റെ സൂചനയാണ് മുനീറിന്റെ സന്ദർശനം. ജൂണിൽ വൈറ്റ് ഹൗസിലെത്തിയ മുനീറിന് ട്രംപ് വിരുന്നൊരുക്കിയിരുന്നു. പിന്നാലെ ട്രംപിന് സമാധാന നോബൽ നൽകാൻ പാകിസ്ഥാൻ ശുപാർശ ചെയ്തിരുന്നു.