ഘാനയിൽ ഹെലികോപ്‌റ്റർ തകർന്ന് മന്ത്രിമാർ അടക്കം 8 മരണം
Friday 08 August 2025 7:17 AM IST
അക്ര : പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ സൈനിക ഹെലികോപ്‌റ്റർ തകർന്ന് രണ്ട് മന്ത്രിമാർ അടക്കം 8 മരണം. പ്രതിരോധ മന്ത്രി എഡ്വേർഡ് ബോമ, പരിസ്ഥിതി മന്ത്രി ഇബ്രാഹിം മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്.
പ്രാദേശിക സമയം ബുധനാഴ്ച രാവിലെയായിരുന്നു അപകടം. തലസ്ഥാനമായ അക്രയിൽ നിന്ന് 200 കിലോമീറ്റർ അകലെ വടക്കു പടിഞ്ഞാറൻ മേഖലയിലുള്ള ഒബുവാസിയിലേക്ക് പുറപ്പെട്ട ഹെലികോപ്‌റ്റർ റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.
തുടർന്ന് നടത്തിയ തെരച്ചിലിൽ അഡാൻസി അക്രോഫൂം ജില്ലയിൽ വനത്തിൽ കത്തിയമർന്ന നിലയിൽ കോപ്‌റ്ററിന്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തി. 3 ഉന്നത സർക്കാർ ഉദ്യോഗസ്ഥരും 3 ഹെലികോപ്‌റ്റർ ജീവനക്കാരുമാണ് കൊല്ലപ്പെട്ട മറ്റുള്ളവർ. അപകടത്തിന്റെ കാരണം വ്യക്തമല്ല.