പുട്ടിൻ - ട്രംപ് കൂടിക്കാഴ്‌ച ഉടൻ
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ അടുത്ത ആഴ്ച ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. യു.എ.ഇ ചർച്ചയ്ക്ക് വേദിയാകുമെന്നാണ് സൂചന. 2022 ഫെബ്രുവരി മുതൽ തുടരുന്ന യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുന്നത് പ്രധാന ചർച്ചയാകും. ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് കഴിഞ്ഞ ദിവസം മോസ്കോയിലെത്തി പുട്ടിനെ കണ്ടിരുന്നു. ട്രംപുമായി ചർച്ച നടത്തണമെന്ന വിറ്റ്കോഫിന്റെ അഭ്യർത്ഥന പുട്ടിൻ അംഗീകരിക്കുകയായിരുന്നു.
2021ന് ശേഷം ആദ്യമായാണ് റഷ്യ-യു.എസ് പ്രസിഡന്റുമാർ കൂടിക്കാഴ്ചയ്ക്കെത്തുന്നത്. പുട്ടിനെയും യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള മറ്റൊരു ചർച്ചയും ട്രംപിന്റെ മനസിലുണ്ട്. യുദ്ധ പരിഹാര ചർച്ചകൾക്ക് തയ്യാറാണെങ്കിലും ലക്ഷ്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് റഷ്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
സമയപരിധി
ഇന്ന് തീരും
യുക്രെയിനിലെ വെടിനിറുത്തൽ കരാറിന് ധാരണയിലെത്താൻ ട്രംപ് റഷ്യക്ക് അനുവദിച്ചിരുന്ന സമയ പരിധി ഇന്ന് അവസാനിക്കും. ധാരണയിലെത്തിയില്ലെങ്കിൽ റഷ്യക്കും വ്യാപാര പങ്കാളികൾക്കും കഠിനമായ തീരുവകൾ ഏർപ്പെടുത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിരുന്നു. പുട്ടിനുമായി കൂടിക്കാഴ്ചയ്ക്ക് തീരുമാനമായതിനാൽ ഇത്തരം നടപടികളിലേക്ക് ട്രംപ് കടക്കുമോ എന്ന് വ്യക്തമല്ല.