ചിപ്പ് ഇറക്കുമതിക്ക് 100% തീരുവ ചുമത്തും: ട്രംപ്

Friday 08 August 2025 7:17 AM IST

വാഷിംഗ്ടൺ: രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന കമ്പ്യൂട്ടർ ചിപ്പുകൾക്കും സെമി കണ്ടക്ടറുകൾക്കും 100 ശതമാനം തീരുവ ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്ന് പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല.

യു.എസിൽ നിർമ്മിക്കുന്ന വിദേശ കമ്പനികളുടെ ചിപ്പുകളെയും സെമി കണ്ടക്ടറുകളെയും തീരുവ ബാധിക്കില്ല. ആഭ്യന്തര ഉത്പാദനവും നിക്ഷേപവും ഉയർത്തുകയാണ് ട്രംപിന്റെ ലക്ഷ്യം. വൈറ്റ് ഹൗസിന്റെ സമ്മർദ്ദത്തിന് വഴങ്ങിയ ആപ്പിൾ കമ്പനി യു.എസിൽ പുതിയതായി 100 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം.

യു.എസിൽ ഉയർന്ന നിക്ഷേപം നടത്തുന്ന പ്രമുഖ ചിപ്പ് നിർമ്മാതാക്കൾക്ക് തീരുവയിൽ നിന്ന് ഇളവ് ലഭിച്ചേക്കും. വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ ദക്ഷിണ കൊറിയൻ ചിപ്പ് നിർമ്മാതാക്കളായ സാംസങ്ങ്,​ എസ്.കെ ഹൈനിക്സ് എന്നിവയെ തീരുവ ബാധിക്കില്ല.

യു.എസിൽ ഫാക്ടറികൾ ഉള്ളതിനാൽ തായ്‌വാന്റെ ടി.എസ്.എം.സിയേയും കാര്യമായി ബാധിച്ചേക്കില്ല. അതേ സമയം, ഫിലിപ്പീൻസ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ ട്രംപിന്റെ പ്രഖ്യാപനത്തിൽ ആശങ്ക അറിയിച്ച് രംഗത്തെത്തി. ചൈനയുടെ എസ്.എം.ഐ.സി, വാവെയ് എന്നിവയെ ചിപ്പ് തീരുവ ബാധിക്കും.