കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെയുണ്ടായ ആക്രമണം: കടുത്ത പ്രതിഷേധം, പാർലമെന്റിൽ അവതരിപ്പിക്കാൻ പ്രതിപക്ഷം

Friday 08 August 2025 7:33 AM IST

ന്യൂഡൽഹി : ഛത്തീസ്‌ഗഡിന് പിന്നാലെ നിർബന്ധിത മതപരിവർത്തനമാരോപിച്ച് ഒഡീഷയിലും കന്യാസ്ത്രീകൾക്കും വൈദികർക്കും നേർക്കുണ്ടായ ബജ്‌രംഗ്‌ദൾ ആക്രമണത്തിൽ പരക്കെ പ്രതിഷേധം. ഒറ്റപ്പെട്ട സംഭവമല്ല ഇതെന്നും മൗനം പാലിക്കാൻ കഴിയില്ലെന്നും സിബിസിഐ വക്താവ് റോബിൻസൺ റോഡ്രിഗ്രസ് പറഞ്ഞു. ആശങ്ക നിറഞ്ഞ സാഹചര്യമാണ്. അസഹിഷ്ണുതയുടെ ഭാഗമാണ് അതിക്രമം. കേസ് നൽകുന്ന കാര്യത്തിൽ അതിരൂപതയുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ആക്രമണത്തിനെതിരെ പാലർമെന്റിൽ ഇന്ന് ചർച്ച ആവശ്യപ്പെടാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

ജലേശ്വ‌റിലെ ഗംഗാധർ ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയായിരുന്നു ആക്രമണങ്ങളുണ്ടായത്. ജലേശ്വ‌ർ ഇടവക പുരോഹിതൻ ഫാദർ ലിജോ നിരപ്പേൽ, ജോഡ ഇടവകയിലെ ഫാദർ വി. ജോജോ, രണ്ട് കന്യാസ്ത്രീകൾ, ഒരു ക്രിസ്ത്രീയ മതപണ്ഡിതൻ എന്നിവരെയാണ് 70 അംഗ സംഘം ആക്രമിച്ചത്. മേഖലയിലെ ക്രിസ്ത്യൻ സമുദായാംഗത്തിന്റെ ചരമവാർഷികത്തിന് പ്രാർത്ഥനയ്‌ക്കെത്തിയതായിരുന്നു. രാത്രി 9 മണിയോടെ മടങ്ങാനൊരുങ്ങവെ ബജ്‌രംഗ്‌ദൾ സംഘം വളഞ്ഞ് ക്രൂരമായി മർദ്ദിച്ചു. മൊബൈൽ ഫോണുകൾ തട്ടിയെടുത്തെന്നും ആക്രമണത്തിനിരയായവർ വ്യക്തമാക്കി.

പ്രാർത്ഥനയ്‌ക്ക് എത്തിയതാണെന്ന് സ്ത്രീകൾ അടക്കം കരഞ്ഞുപറഞ്ഞിട്ടും അക്രമികൾ പിന്മാറിയില്ല. ആസൂത്രിതമായ ആക്രമണമായിരുന്നുവെന്ന് ഫാദർ ലിജോ നിരപ്പേൽ പറഞ്ഞു. 45 മിനിട്ടോളം തടഞ്ഞുവച്ചു.അന്വേഷണത്തിനായി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നെന്നു പറഞ്ഞാണ് പൊലീസ് തങ്ങളെ രക്ഷിച്ചത്.

അതേസമയം,​ സംഭവത്തിൽ പരാതി നൽകിയിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്ന് ആരോപിച്ചു. സംഭവത്തെ കാത്തലിക് ബിഷപ്പ് കോൺഫറൻസ് അപലപിച്ചു.