കേസെടുത്തിട്ടും രക്ഷയില്ല; ഒളിവിൽപ്പോയ പിതാവ് തിരിച്ചെത്തി, നാലാം ക്ലാസുകാരിയെ വീണ്ടും ആക്രമിക്കാൻ ശ്രമം
ആലപ്പുഴ: പിതാവിൽ നിന്നും രണ്ടാനമ്മയിൽ നിന്നുമുള്ള ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ നൂറനാട്ടെ നാലാം ക്ലാസുകാരിയെ വീണ്ടും ആക്രമിക്കാൻ ശ്രമം. പിതാവ് ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണം തടത്തിൽ അൻസാർ, ഇയാളുടെ രണ്ടാം ഭാര്യ ഷെഫിന എന്നിവരാണ് കുട്ടിയെ ഉപദ്രവിച്ചത്. ഇയാൾ ഇന്നലെ വീട്ടിലെത്തിയിരുന്നു. ഈ സമയം കുട്ടിയും അൻസാറിന്റെ മാതാവും അടുത്തവീട്ടിലായിരുന്നു. ഇതിനിടയിലാണ് വീണ്ടും ആക്രമിക്കാൻ ശ്രമിച്ചത്.
ആദിക്കാട്ടുകുളങ്ങരയിലെ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. ബുധനാഴ്ച സ്‌കൂളിലെത്തിയപ്പോഴാണ് മുഖത്തുൾപ്പടെ മർദ്ദനമേറ്റ പാടുകൾ അദ്ധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടത്. താൻ അനുഭവിക്കുന്ന ദുരിതം അദ്ധ്യാപകരോട് കുട്ടി തുറന്നു പറഞ്ഞു. കുട്ടി ജനിച്ച് ഏഴാം ദിവസം അമ്മ മരിച്ചു. ഒന്നരവർഷം കഴിഞ്ഞപ്പോൾ പിതാവ് രണ്ടാമത് വിവാഹം കഴിച്ചു. പിതാവിന്റെ വീട്ടിലായിരുന്ന കുടുംബം ഒന്നരവർഷം മുമ്പാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. അന്നുമുതലാണ് പീഡനം തുടങ്ങിയത്.
താൻ നേരിട്ട അനുഭവങ്ങൾ എഴുതിയ കത്ത് കുട്ടിയുടെ പുസ്തകത്തിൽ നിന്ന് അദ്ധ്യാപകർക്ക് കിട്ടിയിരുന്നു. 'എനിക്ക് അമ്മയില്ല കേട്ടോ, രണ്ടാനമ്മയാണ്. ഒരു പ്ലേറ്റ് ചോദിച്ചപ്പോൾ ഉമ്മി കരണത്തടിച്ചു, സെറ്റിയിൽ ഇരിക്കാൻ അനുവദിക്കില്ല, ബാത്ത് റൂം ഉപയോഗിക്കാൻ അനുവദിക്കില്ല...' തുടങ്ങിയ കാര്യങ്ങളെല്ലാം കത്തിലുണ്ടായിരുന്നു. തുടർന്ന് സ്‌കൂൾ അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
കേസെടുത്തതിന് പിന്നാലെ അൻസാറും ഷെഫിനയും ഒളിവിൽപ്പോയി. കുട്ടിയെ ശിശുസംരക്ഷണ സമിതിയുടെ നിരീക്ഷണത്തിൽ അൻസാറിന്റെ വീട്ടിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടയിലാണ് പിതാവ് വീണ്ടും വീട്ടിലെത്തി കുട്ടിയെ മർദിച്ചത്.