ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയം; കുടുങ്ങിയ 28 മലയാളികളെയും എയർലിഫ്‌റ്റ് ചെയ്‌തു

Friday 08 August 2025 11:07 AM IST

ഉത്തരകാശി: ഉത്തരാഖണ്ഡിലുണ്ടായ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ ഉത്തരകാശിയിൽ എത്തിച്ചതായും അദ്ദേഹം അറിയിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌‌കർ സിംഗ് ധാമിയുടെ ഓഫീസാണ് കേന്ദ്ര മന്ത്രിയെ ഇക്കാര്യം അറിയിച്ചത്.

ഉത്തരാഖണ്ഡിൽ കുടുങ്ങിയ 28 മലയാളികളെയും എയർലിഫ്റ്റ് ചെയ്‌ത വിവരം ഫോണിൽ വിളിച്ച് അറിയിച്ചതായി മലയാളി സംഘത്തിൽപ്പെട്ടവരുടെ ബന്ധുക്കളും അറിയിച്ചു. ആകെ 335പേരെയാണ് എയർലിഫ്റ്റ് ചെയ്‌തത്. ഇതിൽ 119പേരെ ഡെറാഡൂണിൽ എത്തിച്ചു. ഗംഗോത്രി ക്യാമ്പിലാണ് ഇവർ ഉണ്ടായിരുന്നത്.

അതേസമയം, ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനത്തിനും മിന്നൽ പ്രളയത്തിലും കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. അറുപതിലധികം പേർ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് നിഗമനം. അപകട സ്ഥലത്ത് അറുപതടിയിലേറെ ഉയരത്തിലാണ് മണ്ണും ചെളിയും അടിഞ്ഞിരിക്കുന്നത്. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ കെടാവർ നായകളെയും എത്തിച്ചിട്ടുണ്ട്.