'രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണം ഗൗരവമുള്ളത്', പിന്തുണയുമായി   ശശി  തരൂ‌ർ

Friday 08 August 2025 12:05 PM IST

ന്യൂഡൽഹി: വോട്ട‌ർ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി കോൺഗ്രസ് എംപി ശശി തരൂ‌ർ. രാഹുലിന്റെ ആരോപണങ്ങൾ ഗുരുതരമാണെന്നും എല്ലാ പാർട്ടികളുടെയും വോട്ടർമാരുടെയും താൽപ്പര്യങ്ങൾക്കനുസൃതമായി ഗൗരവമായി പരിഹരിക്കേണ്ട ചോദ്യങ്ങളാണിതെന്നും തരൂർ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് രാഹുൽ ഗാന്ധി ആരോപിച്ചത്. കഴിവില്ലായ്മയും അശ്രദ്ധയും മൂലവും മനഃപൂർവമായ അനാവശ്യ ഇടപെടലിലൂടെയോ നശിപ്പിക്കാൻ കഴിയുന്നതല്ല ഇന്ത്യയുടെ ജനാധിപത്യവും അതിന്റെ വിശ്വാസ്യതയെന്നും തരൂർ സമൂഹമാദ്ധ്യമമായ എക്സിൽ കുറിച്ചു.

തിരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ച് രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞ ദൃശ്യങ്ങൾ പങ്കുവച്ചാണ് തരൂർ തന്റെ അഭിപ്രായം കുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിന് കോൺഗ്രസിനുള്ളിൽ വിമർശനം നേരിട്ട ശശി തരൂർ രാഹുലിനെ പിന്തുണച്ചതിന്റെ ഫലമായി പാർട്ടിക്കുള്ളിൽ അദ്ദേഹത്തോടുള്ള മനോഭാവത്തിൽ മാറ്റം കാണാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ബി.ജെ.പി ജയിച്ച കർണാടകയിലെ ബംഗളൂരു സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിൽപ്പെടുന്ന മഹാദേവപുര അസംബ്ലി മണ്ഡലത്തിൽ 1,00,250 വോട്ടുകൾ മോഷ്ടിക്കപ്പെട്ടെന്ന് കണക്കുകൾ നിരത്തി രാഹുൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആഭ്യന്തര സർവേയിൽ കോൺഗ്രസ് ജയിക്കുമെന്ന് കണ്ടെത്തിയ മണ്ഡലങ്ങളിലൊന്നായിരുന്നു ബംഗളൂരു സെൻട്രൽ.