അന്ന് ഫ്രണ്ട് റിക്വസ്റ്റ് അക്‌സപ്റ്റ് ചെയ്തു; നാല് സ്ത്രീകളുമായി ചാറ്റിംഗ്, 80കാരന്റെ അക്കൗണ്ടിൽ നിന്ന് പോയത് ഒമ്പത് കോടി
മുംബയ്: രണ്ടുവർഷം നീണ്ടുനിന്ന തട്ടിപ്പിലൂടെ മുംബയ് സ്വദേശിയായ 80കാരന് നഷ്ടമായത് ഒമ്പത് കോടിയോളം രൂപ. 734 ഓൺലൈൻ ഇടപാടുകൾ വഴിയാണ് വയോധികന് പണം നഷ്ടമായത്. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സഹാതാപത്തിന്റെയും പേര് പറഞ്ഞ് നാല് സ്ത്രീകളുടെ പേരിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. നാല് സ്ത്രീകളും ഒരാളാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
2023 ഏപ്രിലില്‍ ഒരു ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റിലൂടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾക്ക് തുടക്കമായത്. ഫെയ്‌സ്ബുക്കിൽ നിന്ന് അദ്ദേഹത്തിന് ഷർവി എന്ന പേരിലുളള ഒരു അക്കൗണ്ടിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് വന്നു. ഇരുവര്‍ക്കും പരസ്പരം അറിയില്ലായിരുന്നു, ആ ഫ്രണ്ട് റിക്വസ്റ്റ് അദ്ദേഹം സ്വീകരിച്ചില്ല. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, വീണ്ടും അതേ അക്കൗണ്ടിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് വന്നു. അത് അദ്ദേഹം സ്വീകരിച്ചു. പിന്നാലെ ഇരുവരും ചാറ്റിംഗും ആരംഭിച്ചു. ഒടുവിൽ ഫോൺ നമ്പറുകൾ പരസ്പരം കൈമാറി ചാറ്റിംഗ് വാട്സാപ്പിലൂടെ നടക്കുകയും ചെയ്തു.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നാണ് ഷർവി വയോധികനോട് പറഞ്ഞിരുന്നത്. തന്റെ കുട്ടികള്‍ക്ക് സുഖമില്ലെന്ന് പറഞ്ഞ് അവര്‍ അദ്ദേഹംത്തിനോട് പണം ആവശ്യപ്പെടാൻ തുടങ്ങി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, കവിത എന്നൊരു സ്ത്രീയും ഇദ്ദേഹത്തിന് വാട്‌സാപ്പിലേക്ക് മെസേജ് അയച്ചു. ഷര്‍വിയുടെ പരിചയക്കാരിയാണെന്ന് പറഞ്ഞാണ് കവിത മെസേജ് അയച്ചത്. അധികം വൈകാതെ തന്നെ കവിത വയോധികന് അശ്ലീല സന്ദേശങ്ങൾ അയച്ച് പണം ആവശ്യപ്പെടാൻ തുടങ്ങുകയായിരുന്നു.
2023 ഡിസംബറിൽ തന്നെ ഷര്‍വിയുടെ സഹോദരിയാണെന്ന് അവകാശപ്പെട്ട് ദിനാസ് എന്ന മറ്റൊരു സ്ത്രീയും വയോധികന് മെസേജ് അയച്ചിരുന്നു. ഷര്‍വി മരിച്ചെന്നും ആശുപത്രി ബില്ല് അടയ്ക്കാൻ സഹായിക്കണമെന്നുമാണ് യുവതി വയോധികനോട് ആവശ്യപ്പെട്ടത്. ഇതോടൊപ്പം, ഷര്‍വിയും ഇദ്ദേഹവും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ അയച്ചും ദിനാസ് പണം ആവശ്യപ്പെടാൻ തുടങ്ങി.
പിന്നാലെ വയോധികൻ ദിനാസിനോട് പണം തിരികെ ചോദിച്ചപ്പോൾ ആത്മഹത്യ ചെയ്യുമെന്ന് യുവതി ഭീഷണിപ്പെടുത്തി. പിന്നാലെ ജാസ്‌മിൻ എന്ന സ്ത്രീയും വയോധികന് മെസേജ് അയക്കാൻ ആരംഭിച്ചു. താൻ ദിനാസിന്റെ സുഹൃത്താണെന്നായിരുന്നു ജാസ്മിൻ വയോധികനോട് പറഞ്ഞിരുന്നത്. അദ്ദേഹം ജാസ്മിനും പണം അയച്ചുകൊടുത്തിരുന്നു.
ഇതിനിടയിൽ വയോധികന്റെ സമ്പാദ്യമെല്ലാം തീർന്നിരുന്നു. തുടർന്ന് സ്ത്രീകൾക്ക് പണം നൽകുന്നതിനായി വയോധികൻ മരുമകളുടെ കൈവശം നിന്ന് രണ്ട് ലക്ഷം രൂപയും വാങ്ങി. എന്നാൽ സ്ത്രീകൾ വീണ്ടും പണത്തിനായി അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയായിരുന്നു. വേറെ വഴിയില്ലാതെ വന്നതോടെ വയോധികൻ മകനോട് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു.സംശയം തോന്നിയ മകൻ പിതാവിൽ നിന്ന് എല്ലാ കാര്യങ്ങളും മനസിലാക്കുകയായിരുന്നു. ഒടുവിൽ താൻ അകപ്പെട്ടത് സൈബർ തട്ടിപ്പിലാണെന്ന് വയോധികൻ മനസിലാക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ച് അദ്ദേഹത്തിന് മറവി രോഗമുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് കുടുംബം ജൂലായ് 22ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.