വീട് കുത്തിത്തുറന്ന് മാല മോഷ്ടിച്ച പ്രതി അറസ്റ്റിൽ 

Saturday 09 August 2025 12:35 AM IST

കോട്ടയം : വീട് കുത്തിത്തുറന്ന് മാല മോഷ്ടിച്ച ശേഷം കടന്നുകളഞ്ഞ പ്രതി പിടിയിൽ. കൊട്ടാരക്കര കരിപ്ര അഭിവിഹർ വീട്ടിൽ അഭിരാജ് (അഭി, 32) നെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 21 ന് കാഞ്ഞിരപ്പള്ളി ഇടക്കുന്നം താമരപ്പടി ജെസ്‌വിൻ പുതുമനയുടെ വാടക വീട്ടിലാണ് സംഭവം. അടുക്കള ഭാഗത്തെ കതക് ചവിട്ടി തുറന്ന് വീടിനുള്ളിൽ കയറിയ ഇയാൾ കിടപ്പുമുറിയുടെ അലമാരയിൽ ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന 18 ഗ്രാം മാലയാണ് മോഷ്ടിച്ചത്. താമസക്കാരായ ദമ്പതികൾ ആശുപത്രിയിൽ പോയി തിരികെയെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. സംഭവ സമയം പ്രദേശത്ത് കൂടി കോട്ടിട്ട് ബൈക്കിൽ പോയ ഒരാളുടെ ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ശാസ്ത്രീയ അന്വേഷണത്തിൽ അടിമാലി ടൗണിൽ പ്രതിയുണ്ടെന്ന് കണ്ടെത്തി. ലോഡ്ജിൽ ഒളിച്ചു താമസിക്കുകയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി 24 ഓളം മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ. എസ്.എച്ച്.ഒ ശ്യാംകുമാറിന്റെ നേതൃത്വത്തിൽ സുനേഖ്, വിനീത്, സുജിത്, ജോസ് ജോസ്, വൈശാഖ്, വിമൽ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.