കുറവില്ലാതെ വൈദ്യുതി മോഷണം... വേണം ഷോക്ക് ട്രീറ്റ്‌മെന്റ്
കോട്ടയം : കടുത്ത നടപടിയെടുത്തപ്പോൾ വീടുകൾ കേന്ദ്രീകരിച്ചുള്ള വൈദ്യുതി മോഷണങ്ങൾ കുറഞ്ഞപ്പോൾ കുറവില്ലാതെ വ്യവസായസ്ഥാപനങ്ങളിലെ ക്രമക്കേടുകൾ. 318 കേസുകളാണ് 2022 ഒക്ടോബർ മുതൽ ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡ് ജില്ലയിൽ നടത്തിയ മിന്നൽപരിശോധനയിൽ രജിസ്റ്റർ ചെയ്തത്. ഇക്കാലയളവിൽ 878 പരിശോധനകൾ നടത്തി. ഇതിൽ ഭൂരിഭാഗവും വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ്. വിവിധ കേസുകളിലായി 6.19 കോടി രൂപ പിഴ ചുമത്തി. എന്നാൽ മിക്കവരും കോടതിയെ സമീപിച്ചതോടെ പിഴയീടാക്കുന്ന നടപടികളും വൈകുന്നു. കൊവിഡ് കാലത്തായിരുന്നു ഏറ്റവും കൂടുതൽ വൈദ്യുതി മോഷണം വീടുകൾ കേന്ദ്രീകരിച്ച് നടന്നത്. പരിശോധന കുറഞ്ഞതും എല്ലാവരും വീട്ടിനുള്ളിലായതുമായിരുന്നു കാരണം.
ഡിജിറ്റൽ മീറ്ററിനെയും കബളിപ്പിക്കും
ഡിജിറ്റൽ വൈദ്യുതി മീറ്ററുകളിലും തട്ടിപ്പ് നടത്തും. ഇൻകമിംഗ് ലൈൻ, സർവീസ് വയർ എന്നിവിടങ്ങളിൽ നിന്ന് നേരിട്ടാണ് വൈദ്യുതി മോഷണം. നേരിട്ട് ലൈനുകളിൽ നിന്ന് വൈദ്യുതി ചേർത്തുന്നതിനാൽ റീഡിംഗ് മീറ്ററിൽ രേഖപ്പെടുത്തുകയുമില്ല.
മോഷണമോ ദുരുയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡിനെ വിവരം അറിയിക്കാമെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. വിവരം നൽകുന്നവർക്ക് പ്രതിഫലവുമുണ്ട്. പിഴയുടെ അഞ്ചുശതമാനമോ 50,000 രൂയോ ഏതാണ് കുറവ് അത് പ്രതിഫലമായി നൽകും. അറിയിക്കുന്ന ആളുടെ വിവരം രഹസ്യമായി സൂക്ഷിക്കും.
തെഫ്റ്റ്സ്ക്വാഡിന്റെ കണ്ടെത്തൽ
വൈദ്യുതി വിതരണത്തിലെ 15% നഷ്ടത്തിൽ 10 % മോഷണം വഴി
നിർമ്മാണ സ്ഥലങ്ങളിൽ അനുമതി നേടാതെ വൈദ്യുതി ഉപയോഗം
318 കേസുകൾ, 6.19 കോടി പിഴ
''മൂന്നുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. പിഴ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും
സ്വമേധയാ കെ.എസ്.ഇ.ബിയെ അറിയിച്ചാൽ ഒരുതവണ പിഴ അടച്ച് രക്ഷപ്പെടാം.
-കെ.എസ്.ഇ.ബി അധികൃതർ