അമ്മയെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം അത്യാഗ്രഹം; മകന്‍ ലിനീഷിന് കുരുക്കായത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Friday 08 August 2025 6:59 PM IST

കോഴിക്കോട്: പേരാമ്പ്രയില്‍ വൃദ്ധയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതിന് പിന്നാലെ പ്രതിയായ മകന്‍ അറസ്റ്റില്‍. പേരാമ്പ്ര സ്വദേശി പത്മാവതി ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരണപ്പെട്ടത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് മരണം കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവത്തില്‍ പത്മാവതിയുടെ മകന്‍ കൂത്താളി സ്വദേശി ലിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലിനീഷിന്റെ ആക്രമണത്തില്‍ തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് പത്മാവതിയുടെ മരണത്തിലേക്ക് നയിച്ചത്.

സ്വത്ത് തകര്‍ക്കവും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള പ്രശ്‌നങ്ങളുമാണ് ഇരുവരും തമ്മിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക നിഗമനം. ലിനീഷ് കാല്‍മുട്ടുകൊണ്ട് അമ്മ പത്മാവതിയുടെ നെറ്റിയില്‍ ഇടിക്കുകയായിരുന്നെന്നാണ് വിവരം. ആക്രമണത്തില്‍ പത്മാവതിയുടെ വാരിയെല്ലുകളും പൊട്ടിയതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. പരിക്കേറ്റ പത്മാവതിയെ മകനും സമീപവാസികളും ചേര്‍ന്നാണ് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ പത്മാവതി മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. ലിനീഷിനെ പൊലീസ് വിശദമായി ചോദ്യംചെയ്ത് വരികയാണ്.