കനകാവതിയായി രുക്മിണി വസന്ത്

Saturday 09 August 2025 6:00 AM IST

കാന്താര 2 ക്യാരക്ടർ പോസ്റ്റർ കാത്തിരിപ്പുകൾക്ക് ആവേശം നൽകി കാന്താര ചാപ്ടർ 1 ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. രുക്മിണി വസന്ത് അവതരിപ്പിക്കുന്ന കനകാവതിയുടെ ലുക്ക് ആണ് പുറത്തിറങ്ങിയത്. പരമ്പരാഗത ആഭരണങ്ങളാലും രാജകീയ വേഷഭൂഷണങ്ങളാലും തിളങ്ങുന്ന രുക്മിണിയുടെ കഥാപാത്രം, ചിത്രത്തിന്റെ കാലഘട്ടവും കഥാപശ്ചാത്തലവും വ്യക്തമാക്കുന്നു. തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം തിളങ്ങുന്ന രുക്മിണി വസന്ത് കനകാവതിയിലൂടെ പാൻ-ഇന്ത്യൻ തലത്തിൽ കൂടുതൽ ശ്രദ്ധ നേടുമെന്ന് പ്രതീക്ഷിക്കുന്നു.കാന്താരയുടെ ആദ്യ ഭാഗം പോലെ രാജ്യമൊട്ടാകെ പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാന്താര ചാപ്ടർ 1ന് കാത്തിരിക്കുന്നത്. മൂന്ന് വർഷമാണ് ചിത്രീകരണം പൂർത്തിയാകാൻ വേണ്ടി വന്നത് . 2022ൽ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായാണ് രണ്ടാം ഭാഗം എത്തുക. മുൻപ് പുറത്തിറങ്ങിയ രണ്ടാം ഭാഗത്തിന്റെ അനൗൺസ്മെന്റ് പോസ്റ്ററും ടീസറും ട്രെൻഡിംഗ് ആവുകയും, ആരാധകർക്കിടയിൽ ഏറെ ചർച്ചകൾക്ക് വഴിവെയ്ക്കുകയും ചെയ്തിരുന്നു. ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാന്താര ചാപ്ടർ 1 ഒക്ടോബർ 2ന് കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി, ഇംഗ്ലീഷ് ഭാഷകളിൽ പ്രദർശനത്തിന് എത്തും.ഋഷഭ് ഷെട്ടി തന്നെയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.