രാമായണയിൽ ശോഭന

Saturday 09 August 2025 6:16 AM IST

മലയാള താരം ഹരീഷ് ഉത്തമനും

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ" എന്ന ചിത്രത്തിൽ ശോഭന. രാവണനെ അവതരിപ്പിക്കുന്ന യഷിന്റെ അമ്മ കൈകാസിയുടെ വേഷമാണ് ശോഭനയുടേത്. രാമായണയുടെ ലൊക്കേഷനിൽ ശോഭന ഉടൻ ജോയിൻ ചെയ്യും. മലയാള സാന്നിദ്ധ്യമായി ഹരീഷ് ഉത്തമനും താരനിരയിലുണ്ട്. മലയാളത്തിലും തെന്നിന്ത്യയിലും തിളങ്ങുന്ന ഹരീഷ് ഉത്തമൻ ഇതാദ്യമായാണ് ബോളിവുഡിൽ. രാമനായി രൺബീർ കപൂറും സീതയായി സായ്‌പല്ലവിയും എത്തുന്ന രാമായണ ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായാണ് ഒരുങ്ങുന്നത്. ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിലാകും യഷ് എത്തുക. രണ്ടാം ഭാഗത്തിലാണ് രാമ - രാവണ യുദ്ധം.

രവി ഡൂബൈ ലക്ഷ്‌മണനായും സണ്ണി ഡിയോൾ ഹനുമാനായും എത്തുന്നു. പൂർണമായും ഐമാക്‌സിലാണ് രാമായണയുടെ ചിത്രീകരണം.

ഓസ്‌കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്‌മാനുമാണ് സംഗീതം. ഹോളിവുഡിലെ പ്രശസ്ത ആക്‌ഷൻ കൊറിയോഗ്രാഫർ ഗൈ നോറിസ് ആണ് സ്റ്റണ്ട് ഡയറക്ടർ. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യഷിന്റെ മോൺസ്‌റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമ്മാണം. ആദ്യഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും റിലീസ് ചെയ്യും.