ബൾട്ടി ഓണത്തിനില്ല , 4 ചിത്രങ്ങൾ
അന്യ ഭാഷയിൽനിന്ന് മദ്രാസിയും ഘാട്ടിയും
ഇക്കുറി ഒാണത്തിന് 4 മലയാള ചിത്രങ്ങൾ. രണ്ടു അന്യ ഭാഷ ചിത്രങ്ങൾ തിരുവോണ ദിനമായ സെപ്തംബർ 5ന് റിലീസ് ചെയ്യും. ഒാണം റിലീസായി പ്ളാൻ ചെയ്ത ഷെയ്ൻ നിഗം ചിത്രം ബൾട്ടിയുടെ റിലീസ് മാറ്റി.
മോഹൻലാൽ - സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വം, ഫഹദ് ഫാസിൽ നായകനായി അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിര, കല്യാണി പ്രിയദർശൻ സൂപ്പർ ഹീറോയായി എത്തുന്ന നസ്ളൻ നായകനായ ലോക: ചാപ്ടർ വൺ - ചന്ദ്ര, ഹൃദു ഹാറൂൺ പ്രധാന വേഷത്തിൽ എത്തുന്ന മേനേ പ്യാർ കിയ എന്നിവയാണ് മലയാളം റിലീസുകൾ. സത്യൻ അന്തിക്കാടും മോഹൻലാലും ഒരുമിക്കുന്ന ഇരുപതാമത്തെ ചിത്രമായ ഹൃദയപൂർവ്വം ആഗസ്റ്റ് 28ന് റിലീസ് ചെയ്യും. മാളവിക മോഹനനാണ് നായിക. സംഗീത, ലാലുഅലക്സ്, ബാബുരാജ്, സ്രിന്ധ,സംഗീത് പ്രതാപ്, സബിത ആനന്ദ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. അഖിൽ സത്യന്റേതാണ് കഥ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. അനു മൂത്തേടത്ത് ആണ് ഛായാഗ്രഹണം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്കുശേഷം അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിരയിലൂടെ ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും ഇതാദ്യമായി ഒരുമിക്കുന്നു. ആഗസ്റ്റ് 29ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ രേവതി പിളൈ, വിനയ് ഫോർട്ട്, ലാൽ, ധ്യാൻ ശ്രീനിവാസൻ, ബാബു ആന്റണി, ലക്ഷ്‌മി ഗോപാലസ്വാമി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ആഷിഖ് ഉസ്‌മാൻ പ്രൊഡക‌്‌ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാൻ ആണ് നിർമ്മാണം. അരുൺ ഡൊമിനിക് രചനയും സംവിധാനവും നിർവഹിക്കുന്ന
ലോക: ചാപ്ടർ വൺ - ചന്ദ്ര ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് നിർമ്മാണം. ചന്ദു സലിംകുമാർ, അരുൺകുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണായക വേഷത്തിൽ എത്തുന്നു. ദുൽഖർ സൽമാനും ടൊവിനോ തോമസും അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു.ആഗസ്റ്റ് 29നാണ് റിലീസ്.
നവാഗതനായ ഫൈസൽ ഫസിലുദീനാണ് മേനേ പ്യാർ കിയാ സംവിധാനം ചെയ്യുന്നത്. മന്ദാകിനി എന്ന റൊമാന്റിക് കോമഡി ചിത്രത്തിനുശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ എത്തുകയാണ്. സ്റ്റാർ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ പ്രീതി മുകുന്ദനാണ് നായിക.ആഗസ്റ്റ് 29ന് റിലീസ് ചെയ്യും.
സെപ്തംബർ 5നാണ് ശിവകാർത്തികേയൻ ചിത്രം മദ്രാസിയുടെയും അനുഷ്ക ഷെട്ടിയുടെ ഘാട്ടിയുടെയും റിലീസ്.
ശിവകാർത്തികേയന്റെ 23-ാമത്തെയും ബിജു മേനോന്റെ ഒൻപതാമത്തേയും തമിഴ് ചിത്രമായ മദ്രാസി എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്നു.