വട്ടിയൂർക്കാവിൽ ഏറ്റുമുട്ടാൻ എത്തുമോ, മേയർ വി.കെ പ്രശാന്തിന്റെ മറുപടി ഇങ്ങനെ
തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ തന്റെ നിലപാട് വ്യക്തമാക്കി മേയർ വി.കെ പ്രശാന്ത് രംഗത്ത്. വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച തീരുമാനം പാർട്ടിയും എൽ.ഡി.എഫും എടുക്കും. ആരു മത്സരിക്കണമെന്നു തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും വി.കെ പ്രശാന്ത് പറഞ്ഞു. തനിക്ക് പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വമാണ് മേയർ സ്ഥാനം അതിലാണ് ഇപ്പോൾ ശ്രദ്ധയെന്നും ഇതിലാണെന്നും പ്രശാന്ത് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ പ്രധാനപ്പെട്ട് മണ്ഡലമാണ് വട്ടിയൂർക്കാവ്. ശക്തമായ ത്രികോണ മത്സരത്തിന് സാദ്ധ്യത കൽപ്പിക്കുന്നതും ഇവിടെയാണ്. മുൻ എം.എൽ.എയും സ്പീക്കറുമായിരുന്ന എം.വിജയകുമാറിന്റെയും തിരുവനന്തപുരം മേയർ വി.കെ പ്രശാന്തിന്റെയും പേരാണ് ആദ്യഘട്ട ചർച്ചകളിൽ എൽ.ഡി.എഫ് ഉയർത്തിയത്. മഴക്കെടുതി അനുഭവിച്ച മലബാറിലേക്ക് തിരുവനന്തപുരം കോർപ്പറേഷന്റെ നേതൃത്വത്തിൽ നടത്തിയ വിഭവസമാഹരണം മികച്ച അഭിപ്രായമാണ് നേടിയത്. ഇതിനെ തുടർന്ന് വി.കെ പ്രശാന്ത് സോഷ്യൽ മീഡിയയിൽ താരമാകുകയും ചെയ്തിരുന്നു.
ബി.ജെ.പിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി 50709 വോട്ടാണ് നേടിയത്. യു.ഡി.എഫ് 53545 വോട്ടും നേടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പോരാട്ടം കാഴ്ചവച്ച കുമ്മനം രാജശേഖരൻ ഇടത് സ്ഥാനാർത്ഥിയായ ടി.എൻ. സീമയെ മൂന്നാംസ്ഥാനത്ത് പിന്തള്ളി കുമ്മനം കെ മുരളീധരനു പിന്നിൽ രണ്ടാമത് എത്തിയിരുന്നു. ടിഎൻ സീമ മൂന്നാം സ്ഥാനത്തേക്കു പോയത് സി.പി.എമ്മിൽ വലിയ വിവാദത്തിനു വഴിവയ്ക്കുകയും ചെയ്തു. പിന്നീട് ബി.ജെ.പി അദ്ധ്യക്ഷസ്ഥാനത്തുനിന്നു മാറി മിസോറം ഗവർണറായി നിയമിതനായ കുമ്മനം ലോക്സഭാ തിരഞ്ഞെടുപ്പു സമയത്താണ് വീണ്ടും സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട് എൽ.ഡി.എഫ് ശക്തമായ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുമെന്നാണ് രാഷ്ട്രീയ നീരീക്ഷകർ ഉറ്റുനോക്കുന്നത്.