സാമ്പത്തിക യുദ്ധത്തിനും അപ്പുറം, ഈ കരുനീക്കം

Saturday 09 August 2025 4:03 AM IST

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കു മേൽ നടത്തിക്കൊണ്ടിരിക്കുന്ന 'ചുങ്ക ബോംബ്" യുദ്ധം സാമ്പത്തിക താത്പര്യങ്ങൾക്കപ്പുറം ഭൗമ രാഷ്ട്രീയം (geopolitics) മുൻനിറുത്തിയുള്ള ആക്രമണമാണെന്ന ബോദ്ധ്യത്തിന് കനംവച്ചു വരുന്ന സമയമാണിത്. കഴിഞ്ഞദിവസം റഷ്യയുടെ വിദേശകാര്യ വക്താവ് ആ വസ്തുത തുറന്നു പറയുകയും ചെയ്തിരുന്നു. അമേരിക്കൻ അധീശത്വം വാഴിക്കാനായുള്ള നവകൊളോണിയൽ നയങ്ങളാണ് ആ രാജ്യത്തെ ഭരണകൂടം ഇപ്പോൾ ദക്ഷിണ ഗോള (Global South) രാഷ്ട്രങ്ങൾക്കു നേരെ നടത്തിവരുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇക്കഴിഞ്ഞ ഏഴാം തീയതി പ്രാബല്യത്തിൽ വന്ന,​ ഇന്ത്യയ്ക്കു മേൽ ആദ്യം ചുമത്തിയ 25 ശതമാനം തീരുവയ്ക്ക് ട്രംപ് നിരത്തിയ സാമ്പത്തിക വാദങ്ങൾ തന്നെ ഒട്ടും യുക്തിസഹമല്ലായിരുന്നു. 'ഇന്ത്യ നമ്മോട് നന്നായി വ്യാപാരം നടത്തുന്നുണ്ട്; എന്നാൽ നമുക്ക് അവരോട് വ്യാപാരം നടത്താനുള്ള സാഹചര്യം ആ രാജ്യം തരുന്നില്ല" എന്നൊക്കെയായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ ഈ വാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്ന കണക്കുകളാണ് നിലനിൽക്കുന്നത്.

നഷ്ടവും മിച്ചവും

അമേരിക്കയുമായി ഇന്ത്യയ്ക്ക് 2024- 25 വർഷത്തിലെ വ്യാപാര മിച്ചം 4950 കോടി ഡോളറാണ്. എന്നാൽ,​ ചൈനയുമായി അമേരിക്കയ്ക്ക് 2025-ന്റെ ആദ്യ ഏഴു മാസങ്ങളിൽ മാത്രമുള്ള വ്യാപാരനഷ്ടം 99,220 കോടി ഡോളർ ആയിരുന്നു. പക്ഷേ,​ ട്രംപ് ആദ്യം ചൈനയ്ക്കു മേൽ ചുമത്തിയ 245 ശതമാനം താരിഫ് മൂന്നുമാസം കഴിഞ്ഞപ്പോൾ 35 ശതമാനത്തിലേക്ക് വെട്ടിച്ചുരുക്കിയിരുന്നു, ഇനിയും അത് താഴാനാണ് സാദ്ധ്യത. കഴിഞ്ഞദിവസം ട്രംപ് പറഞ്ഞത്,​ ചൈനയുമായി വ്യാപാര കരാർ ഉടനെ ഉണ്ടാകുമെന്നാണ്. അതേസമയം,​ ഇന്ത്യയ്ക്കു മേൽ ആദ്യം ചുമത്തിയ 25 ശതമാനം ചുങ്കം അദ്ദേഹം ഇപ്പോൾ ഇരട്ടിപ്പിക്കുകയാണ് ചെയ്തത്.

അപ്രകാരം ലോകത്തെ ഏറ്റവും കൂടുതൽ അമേരിക്കൻ ചുങ്കം (50 ശതമാനം) പേറുന്ന ബ്രസീലിന്റെ കൂടെ നമ്മളും എത്തിയിരിക്കുന്നു. ബ്രസീലിന്റെ കാര്യത്തിലും സാമ്പത്തിക യുക്തിക്ക് അപ്പുറമുള്ള ഘടകങ്ങളാണ് വർത്തിച്ചത് എന്നതും വ്യക്തം. അമേരിക്കയുമായുള്ള കച്ചവടത്തിൽ കമ്മി പേറുന്ന രാജ്യമാണ് ബ്രസീൽ. ഇന്ത്യയ്ക്കു മേലുള്ള ചുങ്കഭാരം ഇരട്ടിപ്പിച്ചതിന് ട്രംപ് നിരത്തിയ കാരണത്തിലൂടെത്തന്നെ വ്യാപാര യുദ്ധത്തിന്റെ സാമ്പത്തികേതര ഘടകങ്ങൾ മറനീക്കി പുറത്തുവരുന്നുണ്ട്. 'അമേരിക്കയുടെ താക്കീതുകൾ വകവയ്ക്കാതെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങിക്കൂട്ടുന്നത് ഇന്ത്യ തുടർന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യ എണ്ണ വാങ്ങുക വഴി റഷ്യയുടെ യുദ്ധ യന്ത്രത്തിന് ഇന്ധനം പകരുകയാണ് ചെയ്യുന്നത്. അതിനാൽ 25 ശതമാനം അധിക പിഴ നാം ചുമത്തുന്നു!"

അവർക്ക് ആകാം,

നമുക്ക് പാടില്ല!

റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണയും സൈനിക സാമഗ്രികളും വാങ്ങുന്നതിൽ കുറ്റം കാണുന്ന അമേരിക്ക, ഇപ്പോഴും പല സാമഗ്രികൾക്കും വേണ്ടി ആശ്രയിക്കുന്നത് റഷ്യയെയാണെന്ന സത്യം ട്രംപിന്റെ വാക്കുകളിലെ ആത്മാർത്ഥതയില്ലായ്മ വെളിവാക്കുന്നു. അമേരിക്കയിലെ ആണവ വ്യവസായത്തിനു വേണ്ട ഹെക്സാഫ്ളോറൈഡ് , ഇലക്ട്രിക് വാഹന വ്യവസായത്തിനു വേണ്ടുന്ന പലേഡിയം എന്നിവയ്ക്കു പുറമേ വളങ്ങളും മറ്റ് രാസപദാർത്ഥങ്ങളും ഇറക്കുമതി ചെയ്തതിന് ഈ വർഷം ജനുവരി മുതൽ മെയ് വരെ റഷ്യയ്ക്കു നല്കിയത് 210 കോടി ഡോളറാണ്. അതുപോലെ,​ നമ്മെക്കാൾ കൂടുതൽ എണ്ണ റഷ്യയിൽ നിന്ന് വാങ്ങുന്ന രാജ്യമാണ് ചൈന (1000കോടിഡോളർ കൂടുതൽ). പക്ഷേ ചൈനയ്ക്കെതിരെ മിണ്ടാട്ടമില്ല.

ഇന്ത്യയോടുള്ള എതിർപ്പിനു കാരണമായി പറയുന്നത്,​ നാം റഷ്യയുടെ യുക്രെയിൻ ആക്രമണത്തിലൂടെ നഷ്ടപ്പെട്ട മനുഷ്യ ജീവനുകളെ ഓർക്കാതെയാണ് അവരുമായി എണ്ണക്കച്ചവടം നടത്തുന്നത് എന്നാണ്. അതേസമയം,​ ഇന്ത്യ ആ യുദ്ധത്തിൽ പങ്കാളിയേയല്ല. മാത്രമല്ല,​ അത് അവസാനിപ്പിക്കാൻ ശ്രമം നടത്തുന്ന രാജ്യവുമാണ്. നേരെ മറിച്ച് പാലസ്തീന്റെ ഗാസ ആക്രമണത്തിന് ധനമായും പടക്കോപ്പായും പങ്കാളിയാകുന്നതും അതുവഴി നാനാതരത്തിലുള്ള മനുഷ്യ ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നതിലും അമേരിക്കയ്ക്ക് പങ്കുണ്ട്. ഇതിന്റെ അർത്ഥം,​ ഇന്ത്യയ്ക്കെതിരായി അമേരിക്ക നടത്തുന്ന ചുങ്കയുദ്ധത്തിന്റെ യഥാർത്ഥ കാരണം റഷ്യൻ എണ്ണയോ യുക്രെയ്‌നിലെ മനുഷ്യനാശമോ അല്ല; ഇന്ത്യയെന്ന വൻകരയെ, സാമ്പത്തിക ശക്തിയെ, കഠിനമായ തീരുവ ചുമത്തി സ്വന്തം വരുതിയിലാക്കുക എന്നതു മാത്രമാണ്.

കഴിഞ്ഞ 75 വർഷമായി ഇന്ത്യയുമായി നല്ല സൈനിക, സാമ്പത്തിക, വിദേശകാര്യ സഹകരണം മുന്നോട്ടുകൊണ്ടുപോകുന്ന രാജ്യമാണ് റഷ്യ. ഇപ്പോൾ നമ്മുടെ ക്രൂഡോയിൽ ആവശ്യത്തിന്റെ 35- 40 ശതമാനവും നിർവഹിച്ചുകൊണ്ടിരിക്കുന്നത് കുറഞ്ഞ വിലയ്ക്കുള്ള റഷ്യൻ എണ്ണയിലൂടെയാണ്. അമേരിക്കൻ ഭീഷണിക്കു വഴങ്ങി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിറുത്തിയാൽ നമുക്കുണ്ടാകുന്ന ഒരു വർഷത്തെ നഷ്ടം 900- 1100 കോടി ഡോളറിന്റേതാകും! റഷ്യയുമായുള്ള ചങ്ങാത്തം മാത്രമല്ല ട്രംപിനെ ചൊടിപ്പിച്ചിട്ടുള്ളത് . ബ്രിക്സ് എന്ന രാഷ്ട്ര കൂട്ടായ്മയിലെ വിലപ്പെട്ട കക്ഷിയാണ് ഇന്ത്യ. അമേരിക്കൻ വിരുദ്ധ ചേരിയായാണ് ട്രംപ് ബ്രിക്സിനെ കാണുന്നത് അടുത്തവർഷം ഈ കൂട്ടായ്മയുടെ അദ്ധ്യക്ഷ പദവി വഹിക്കാനിരിക്കുന്ന ഇന്ത്യയുടെ ലക്ഷ്യം ദക്ഷിണ ഗോളത്തിലെ രാജ്യങ്ങളുടെ ഐക്യം ഊട്ടിയുറപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി ഈയിടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. യു.എസ് പ്രസിഡന്റിനെ ചൊടിപ്പിക്കുന്ന നിലപാടുകളാണ് സ്വാഭാവികമായും,​ ഇവയെല്ലാം.

ഇന്ത്യയെ ഇറുക്കാൻ

ഇന്ത്യയ്ക്ക് അനുകൂലമല്ലാത്ത മറ്റ് അമേരിക്കൻ നീക്കങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട് .ഇന്ത്യയുമായി പല കയറ്റുമതികളിലും മത്സരിച്ചുകൊണ്ടിരിക്കുന്ന ബംഗ്ലാദേശ്, വിയറ്റ്നാം, ഇൻഡോനേഷ്യ, കമ്പോഡിയ തുടങ്ങിയ രാജ്യങ്ങളിൽ ചുമത്തിയിട്ടുള്ളത് 19- 20 ശതമാനം തീരുവകളാണ്. ഇന്ത്യയുമായുള്ള ഈ വലിയ അന്തരം നമ്മുടെ പല കയറ്റുമതികളെയും പ്രതികൂലമായി ബാധിക്കുമെന്ന് തീർച്ച. ഇന്ത്യയുടെ തുണി- വസ്ത്ര വ്യാപാര മേഖലയുടെ പ്രശ്നം മാത്രം പറയാം. നമ്മുടെ രാജ്യത്ത് കൃഷി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾക്ക് നേരിട്ട് തൊഴിൽ നൽകുന്നമേഖലയാണിത് (4.5 കോടി). ഇപ്പോൾത്തന്നെ ഇവയുടെ കയറ്റുമതി രംഗത്ത് കടുത്ത മത്സരം നേരിടുന്ന ഇന്ത്യയ്ക്ക് ഈ അധിക ചുങ്കം വലിയ തിരിച്ചടിയാകും.

ഇന്ത്യയ്ക്കെതിരെ നീങ്ങുന്ന അവസരത്തിൽത്തന്നെ അമേരിക്ക പാക്കിസ്ഥാനെ തഴുകുന്നതിലെ ഭൗമരാഷ്ട്രീയവും തിരിച്ചറിയേണ്ടതുണ്ട്. ആദ്യം പാക്കിസ്ഥാനു മേൽ പ്രഖ്യാപിച്ചിരുന്ന 29 ശതമാനം തീരുവ ഇപ്പോൾ 19 ശതമാനമായി കുറച്ചു. അതുപോലെ,​ പാക്കിസ്ഥാനിലെ എണ്ണ പര്യവേഷണ യജ്ഞങ്ങൾക്ക് ശക്തമായ പിന്തുണയും അമേരിക്ക വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിലേക്കും ഈ എണ്ണ ഒഴുകാമെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പക്ഷേ കൂടുതൽ സാദ്ധ്യതയുള്ളത് ചൈനയിലേക്കുള്ള ഒഴുക്കാണ്. ചുരുക്കത്തിൽ അമേരിക്ക നൽകുന്ന സന്ദേശങ്ങൾ വ്യക്തമാണ്. നാം ജാഗ്രതയോടെ നീങ്ങേണ്ടിയിരിക്കുന്നു.