ശബരിമലയുടെ കീർത്തി കൂടുതൽ പരക്കട്ടെ
ശബരിമലയിലെ മണ്ഡലപൂജയും മകരവിളക്കും തൊഴുത് സായൂജ്യമടയാൻ ലക്ഷക്കണക്കിന് അയ്യപ്പഭക്തരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നത്. വിഷു, ഓണം, എല്ലാ മലയാള മാസത്തെയും ആദ്യവാരം, മറ്റു വിശേഷ ദിനങ്ങൾ എന്നീ വേളകളിലെത്തുന്നവരുടെ സംഖ്യ ഇതിനു പുറമേയാണ്. ദൈവത്തിന്റെ നാട് എന്ന വിശേഷണത്തിന് കേരളത്തെ യോഗ്യമാക്കുന്നതിൽ ശബരിമലയ്ക്കുള്ള പങ്ക് പ്രധാനമാണ്. ദേവസ്വം ബോർഡിനു മാത്രമല്ല,തീർത്ഥാടനത്തെ ആശ്രയിച്ചു ജീവിക്കുന്ന ആയിരക്കണക്കിനാളുകൾക്കും ശബരിമല തീർത്ഥാടനം വരുമാനത്തിന്റെ സുവർണാവസരമാണ് നൽകുന്നത്. ശബരിമലയെ സംബന്ധിച്ച് സുപ്രധാനമായ ഒരു സംഭവം, സെപ്തംബറിൽ നടക്കാൻ പോകുകയാണ്. ലോകത്തെമ്പാടുമുള്ള അയ്യപ്പഭക്തരെ പങ്കെടുപ്പിച്ച് ആഗോള അയ്യപ്പ സംഗമം സെപ്തംബർ മൂന്നാം വാരത്തിൽ പമ്പയിൽ സംഘടിപ്പിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു.
സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായാണ് ഈ സംഗമം നടത്തുന്നത്. ശബരിമല ക്ഷേത്രത്തിന്റെ മുഖമുദ്രയായ 'തത്വമസി" എന്ന വിശ്വമാനവികതയുടെ സന്ദേശം ലോകമൊട്ടാകെ പ്രചരിപ്പിക്കുക എന്നതാണ് സംഗമത്തിന്റെ പ്രധാന ലക്ഷ്യം. ശബരിമലയെ ദൈവിക, പാരമ്പര്യ സുസ്ഥിര ആഗോള തീർത്ഥാടന കേന്ദ്രമായി അവതരിപ്പിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യമെന്നും മന്ത്രി സൂചിപ്പിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മൂവായിരത്തോളം അയ്യപ്പഭക്തരുടെ പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും. സെപ്തംബർ 16-നും 21-നും ഇടയിലായിരിക്കും സംഗമം. തീയതി പിന്നീട് പ്രഖ്യാപിക്കും. പ്രതിനിധികൾക്ക് തലേദിവസമെത്തി ദർശനം നടത്തിയശേഷം സംഗമത്തിൽ പങ്കെടുക്കാം. ഇതിനായി പമ്പയിൽ വിശാലമായ പന്തൽ നിർമ്മിക്കും. സംഗമത്തിൽ പങ്കെടുക്കുന്ന ഭക്തർക്ക് നിലവിലുള്ള ബുദ്ധിമുട്ടുകൾ പങ്കുവയ്ക്കാനും നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കാനും അവസരമുണ്ടായിരിക്കും. വികസന പദ്ധതികൾ അവതരിപ്പിക്കുകയും ചെയ്യാം.
ഈ ആഗോള അയ്യപ്പ സംഗമത്തിന് മുഖ്യമന്ത്രി മുഖ്യ രക്ഷാധികാരിയും മന്ത്രിമാർ രക്ഷാധികാരികളുമായിരിക്കും. ഇതിനു പുറമെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെട്ട സ്വാഗതസംഘവും രൂപീകരിക്കും. ശബരിമലയുടെ വികസനവും ആഗോള പ്രശസ്തിയും ലക്ഷ്യമിട്ടുകൊണ്ടുള്ള സംഗമം ഇക്കാര്യത്തിൽ ഒരു മാതൃകയായിരിക്കും. കഴിഞ്ഞ തീർത്ഥാടനകാലം കാര്യമായ പരാതികളോ ആക്ഷേപങ്ങളോ ഇല്ലാതെ കടന്നുപോയതിൽ മന്ത്രി വി.എൻ. വാസവന്റെ പ്രവർത്തനങ്ങൾ സഹായകമായി. ശബരിമല തീർത്ഥാടനത്തിനു മുന്നോടിയായുള്ള പ്രവർത്തനം ഏകോപിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് പ്രത്യേക കോർ ടീം രൂപീകരിച്ചതായുള്ള മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അറിയിപ്പ് ശുഭപ്രതീക്ഷ നൽകുന്നു. ഓരോ ജില്ലയിലെയും പ്രവൃത്തി, ചീഫ് എൻജിനിയർമാർ വിലയിരുത്തും. ജില്ലകൾക്കായി പ്രത്യേക ഇൻസ്‌പെക്ഷൻ ടീമും രൂപീകരിച്ചിട്ടുണ്ട്. അപകട റോഡുകളിൽ സുരക്ഷാ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
വിവിധ ഭാഷകളിൽ സൈൻ ബോർഡുകൾ ഉറപ്പാക്കണം. റോഡുകളിലെ ഇരു ഭാഗങ്ങളിലെയും കാട് വെട്ടിത്തെളിച്ച് കാൽനടയാത്രയ്ക്ക് സൗകര്യമൊരുക്കണം. തെരുവുവിളക്കുകൾ, ഡ്രെയിനേജ് എന്നിവ കാര്യക്ഷമമാണെന്ന് ഉറപ്പാക്കണം. റസ്റ്റ് ഹൗസുകളിൽ വേണ്ടത്ര സൗകര്യങ്ങളൊരുക്കണം. പാലങ്ങളുടെ കൈവരികൾ പരിപാലിക്കണം. നിർമ്മാണത്തിലിരിക്കുന്ന പാലങ്ങളുടെ പണി എത്രയും വേഗം പൂർത്തിയാക്കണം തുടങ്ങിയ കാര്യങ്ങളിലും തീരുമാനമായിട്ടുണ്ട്. സാങ്കേതികാനുമതി, ടെൻഡർ നടപടികൾ പൂർത്തിയാക്കൽ തുടങ്ങിയവ സമയബന്ധിതമായി നടപ്പാക്കണം. തീർത്ഥാടനകാലത്തിനു മുൻപുതന്നെ മുഴുവൻ റോഡുകളും ഗതാഗതയോഗ്യമാക്കാനും തീരുമാനമായിട്ടുണ്ട്. ശബരിമല തീർത്ഥാടകർക്ക് ഏറ്റവും ആശ്വാസകരമായ കാര്യമാണിത്.
തീർത്ഥാടനത്തിന് മുൻകൂട്ടിയുള്ള ഇത്തരം തയ്യാറെടുപ്പുകൾ തീർച്ചയായും അഭിനന്ദനമർഹിക്കുന്നു. അയ്യപ്പഭക്തരെ സംബന്ധിച്ച് ആഹ്ളാദകരമായ തീരുമാനങ്ങളാണ് ഇവ.