എങ്ങുമെത്താതെ ദേശീയപാത നിർമ്മാണം

Saturday 09 August 2025 1:25 AM IST

കല്ലമ്പലം: കാലാവസ്ഥയും സാധന സാമഗ്രികളുടെ ലഭ്യതയും ഒത്തുവന്നാൽ ജില്ലയിലെ ദേശീയപാത നിർമ്മാണം ഡിസംബറിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് കരാർ കമ്പനി അറിയിച്ചിട്ടും നിർമ്മാണം എങ്ങുമെത്തിയില്ല. കഴക്കൂട്ടം മുതൽ കടമ്പാട്ടുകോണം വരെയാണ് ജില്ലയിൽ ദേശീയപാതയുടെ നിർമ്മാണം പുരോഗമിക്കുന്നത്. ആകെ 30 കിലോമീറ്ററാണ് ദൈർഘ്യം. ഇതിൽ 12.5 കിലോമീറ്റർ ദൂരം ആറ്റിങ്ങൽ ബൈപ്പാസാണ്. മാമം പാലത്തിൽ നിന്ന് ആരംഭിച്ച് കല്ലമ്പലത്തിനു സമീപം മണമ്പൂർ ആഴാംകോണത്ത് ദേശീയപാതയുമായി യോജിക്കുന്നതാണ് ബൈപ്പാസ്.

മറ്റു സ്ഥലങ്ങളിൽ റോഡ്‌ നിർമ്മാണത്തിന് വേഗതയുണ്ടെങ്കിലും കല്ലമ്പലം ഭാഗത്ത് നിർമ്മാണ ജോലികൾ ഏറെ പിന്നിലാണ്. ഈ ഡിസംബറിൽ പൂർത്തിയാക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും അടുത്തവർഷം ഡിസംബറിൽ പോലും തീരാത്ത വിധത്തിലാണ് നിർമ്മാണ ജോലികൾ നടക്കുന്നത്.

 കമ്പനി മാറിയിട്ടും...

ആർ.ഡി.എസ് കമ്പനിക്കായിരുന്നു റോഡിന്റെ നിർമ്മാണ ചുമതലയെങ്കിലും സാങ്കേതിക വിഷയങ്ങൾ കാരണം ഏപ്രിൽ മാസത്തോടെ പൂനെ ആസ്ഥാനമായുള്ള ആർ.കെ ചവാൻ എന്ന കമ്പനി കരാർ ഏറ്റെടുത്തു. പൊതുജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ സർവീസ് റോഡുകളുടെ നിർമ്മാണവും വേഗത്തിലാക്കി. ഇതോടെ ദേശീയപാതയിൽ തിരക്കുപിടിച്ച ജോലികൾ നടക്കുന്ന ഭാഗത്തെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനും യാത്ര സുഗമമാക്കാനും സാധിച്ചു. സർവീസ് റോഡുകൾ പലയിടത്തും ഇടവിട്ടാണ് നിർമ്മിച്ചിട്ടുള്ളത്. ഇടവിട്ട ഭാഗങ്ങൾ യോജിപ്പിച്ചാൽ മാത്രമേ പൂർണമായും സർവീസ് റോഡിനെ ആശ്രയിക്കാൻ കഴിയൂ. അതിനുള്ള പണികളാണ് ഇപ്പോൾ നടക്കുന്നത്.

അനുഗ്രഹമായി മഴ

ദിവസവും മൂന്നു കിലോമീറ്റർ വരെ ദൈർഘ്യത്തിൽ ടാർ ചെയ്യാനാകുന്ന അത്യാധുനിക യന്ത്ര സാമഗ്രികളുടെ സഹായത്തോടെയാണ് പണികൾ പുരോഗമിക്കുന്നത്. ഇടവിട്ടുള്ള മഴയാണ് ഇപ്പോൾ തടസ്സം. മണ്ണിട്ട് പാകപ്പെടുത്തിയ റോഡിന് മഴ അനുഗ്രഹമാണ്. റോഡിന് ഉറപ്പ് ലഭിക്കാൻ ഇത് നല്ലതാണെന്ന് ബന്ധപ്പെട്ടവർ പറയുന്നു. എന്നാൽ ടാറിംഗ് ജോലികൾക്ക് മഴ പ്രശ്നമാകും.