ഒന്നേകാല്‍ ലക്ഷം രൂപയുടെ മാല, കാമുകനുമായി സംസാരം കോഡ് ഭാഷയില്‍; ആശുപത്രിയില്‍ തകര്‍ത്ത് അഭിനയവും

Friday 08 August 2025 8:35 PM IST

വിവാഹേതര ബന്ധം പിടികൂടി മര്‍ദ്ദിക്കുകയും താക്കീത് ചെയ്യുകയും ചെയ്ത ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തി യുവതി. ഷാനവാസ് (28) എന്ന യുവാവിനെയാണ് കഴുത്തില്‍ കത്തി കുത്തിയിറക്കി കൊലപ്പെടുത്തിയത്. കേസില്‍ ഷാനവാസിന്റെ ഭാര്യ മൈഫാരിന്‍ കാമുകന്‍ തസവ്വൂര്‍, ഇയാളുടെ സുഹൃത്ത് ഷൊയ്ബ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ ഷംലി സ്വദേശിയാണ് കൊല്ലപ്പെട്ട ഷാനവാസ്.

രഹസ്യ കോഡുകള്‍ ഉപയോഗിച്ചാണ് മൈഫാരിനും തസവ്വൂറും കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ കൈരാനയില്‍ നിന്ന് വാങ്ങിയ 1.25 ലക്ഷം രൂപയുടെ മാലയുമായി ഷാനവാസും മൈഫാരിനും ബൈക്കില്‍ ഷാംലിയിലെ ഇസാപൂര്‍ ഖുര്‍ഗാന്‍ ഗ്രാമത്തിലേക്ക് പോകുന്നതിനിടെ ആയിരുന്നു കൊലപാതകം. വാഹനം തടഞ്ഞ് നിര്‍ത്തി ഷാനവാസിനെ ചില അക്രമികള്‍ കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തിയ ശേഷം ബൈക്കും മാലയുമായി രക്ഷപ്പെടുകയായിരുന്നു.

വീട്ടില്‍ നിന്ന് ഷാനവാസും മൈഫിരിനും ഒരുമിച്ചാണ് ഇറങ്ങിയത്. അപ്പോള്‍ തന്നെ കാമുകനെ വിളിച്ച് ഒരു കോഡ് വഴി ഷാനവാസുമായി നില്‍ക്കുന്ന ലൊക്കേഷന്‍ അറിയിച്ചുവെന്ന് പൊലീസ് പറഞ്ഞു. മൂന്ന് ദിവസം മുമ്പ് കാമുകനുമായി ഫോണില്‍ സംസാരിക്കുന്നത് ഷാനവാസ് പിടികൂടി. വഴക്കിനെത്തുടര്‍ന്ന് ഷാനവാസ് മൈഫാരിനെ മര്‍ദിച്ചിരുന്നുവെന്നും സംഭവത്തെക്കുറിച്ച് തസവ്വൂറിനെ ഉടന്‍ തന്നെ ഫോണിലൂടെ അറിയിച്ചതായും പ്രതി പറഞ്ഞു.

ഭര്‍ത്താവിന്റെ മരണശേഷം മൈഫാരിന്‍ ആശുപത്രിയില്‍ പലതവണ കരയുകയും ബോധരഹിതയായി അഭിനയിക്കുകയും ചെയ്തു. യുവതിയുടെ പെരുമാറ്റത്തില്‍ പൊലീസിന് ആദ്യം തന്നെ സംശയം തോനന്നിയിരുന്നു. ആക്രമണത്തെക്കുറിച്ച് മൊഴി നല്‍കാനും യുവതി ആദ്യം തയ്യാറായിരുന്നില്ല. ഒടുവില്‍ പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇഷ്ടിക ചൂളയിലെ ജീവനക്കാരനായ തസവ്വൂറുമായി ആറ് മാസമായി പ്രണയത്തിലായിരുന്നുവെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യുവതി സമ്മതിച്ചത്. ഫോണ്‍ രേഖകളും കുറ്റം തെളിയിക്കുന്നതില്‍ നിര്‍ണായകമായി.