മയക്കുമരുന്ന് വാങ്ങാൻ പണത്തിനായി 17കാരി അന്യപുരുഷൻമാരുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടു, 19 പേർക്ക് എയ്‌ഡ്സ്

Friday 08 August 2025 8:50 PM IST

നൈനിറ്റാൾ : ഉത്തരാഖണ്ഡിൽ 17കാരിയിൽ നിന്ന് 19 പുരുഷൻമാർക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ഒന്നര വ‌ർഷത്തിനിടെയാണ് പുരുഷൻമാരിൽ എയ്ഡ്സ് സ്ഥിരീകരിച്ചത്. മയക്കുമരുന്നിന് അടിമയായിരുന്ന പെൺകുട്ടി ഇതിന് പണം കണ്ടെത്താനായാണ് പുരുഷൻമാരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലെ ഗുലാർഘട്ടി പ്രദേശത്താണ് ആദ്യ സംഭവം പുറത്തുവന്നത്. നാട്ടിലെ നിരവധി പുരുഷൻമാരുമായി പെൺകുട്ടി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും അവരിൽ പലരും എച്ച്.ഐ.വി പോസിറ്റീവ് ആവുകയും ചെയ്തു. പുരുഷൻമാരിൽ പലരും വിവാഹിതരായിരുന്നുവെന്നും അവരുടെ ഭാര്യമാരിലേക്കും വൈറസ് പടർന്നതായി സംശയമുണ്ട്.

പ്രദേശത്തെ നിരവധി യുവാക്കൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് സംഭവം പുറത്തുവരാൻ തുടങ്ങിയത്. അവരിൽ പലരും ആശുപത്രിയിലെ ഇന്റഗ്രേറ്റഡ് കൗൺസലിംഗ് ആൻഡ് ടെസ്റ്റിംഗ് സെന്ററിൽ പരിശോധന നടത്തിയപ്പോഴാണ് എച്ച്.ഐ.വി പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്. യുവാക്കൾ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ പെൺകുട്ടി ഹെറോയിൻ ഉപയോഗിക്കാറുണ്ടായിരുന്നു എന്നും ലഹരി ഉപയോഗിക്കുന്നതിന് പണം കണ്ടെത്താൻ നിരവഗി പുരുഷൻമാരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതായും അന്വേഷണത്തിൽ കണ്ടെത്തി.