വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : മുഖ്യപ്രതികൾ ദമ്പതികളെന്ന് സൂചന

Saturday 09 August 2025 12:55 AM IST

പാലാ : ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് ജില്ലയിലാകെ തട്ടിപ്പ് നടത്തി പലരിൽ നിന്നായി പതിനഞ്ച് ലക്ഷത്തോളം രൂപാ തട്ടിയെടുത്ത കേസിൽ പിടിയിലായ മീനച്ചിൽ മറ്റയ്ക്കാട്ട്‌ സോജനെ (38) കാഞ്ഞിരപ്പള്ളി കോടതി റിമാൻഡ് ചെയ്തു. കൂട്ടുപ്രതികളായ നാലുപേർക്കായി അന്വേഷണം ഉൗർജ്ജിതമാക്കി. കഴിഞ്ഞ മൂന്ന് മാസത്തിനിടെയാണ് സംഘം തട്ടിപ്പ് നടത്തിയത്. മൂന്ന് ലക്ഷം മുതൽ ആറ് ലക്ഷം വരെ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് പരാതി. പാലാ മുരിക്കുംപുഴ സ്വദേശികളായ ദമ്പതികളാണ് മുഖ്യപ്രതികളെന്ന് പൊലീസ് സംശയിക്കുന്നു. ഇവരുടെ ഇടനിലക്കാരനായി നിന്നയാളാണ്‌ സോജൻ. മീനച്ചിൽ സ്വദേശിയായ ഇയാൾ കഴിഞ്ഞ കുറെക്കാലമായി കണ്ണാടിയുറുമ്പിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് മറ്റൊരുകേസിലും ഇയാൾ പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദമ്പതികൾ, ഇവരുടെ അടുത്ത ബന്ധു, അന്യസംസ്ഥാനക്കാരൻ എന്നിവരാണ്‌ കേസിലുൾപ്പെട്ടിട്ടുള്ളതെന്നാണ് സൂചന. പാലാ സി.ഐ പ്രിൻസ്‌ ജോസഫ്, എസ്.ഐ ദിലീപ് കുമാർ കെ., ഗ്രേഡ് എസ്.ഐ ബിജു ചെറിയാൻ, പൊലീസുകാരായ സന്തോഷ്, അഭിലാഷ്, മിഥുൻ എന്നിവരടങ്ങിയ സംഘമാണ്‌ കേസ് അന്വേഷിക്കുന്നത്. സോജനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം പറഞ്ഞു.