ഒരു നിലവറയും നിഗൂഢതകളും
നിഗൂഢതകളും രഹസ്യങ്ങളും കൂടി ചേർന്നതാണ് പ്രപഞ്ചം. രഹസ്യങ്ങളുടെ താക്കോൽ തിരഞ്ഞുപോവുക എന്നത് മനുഷ്യസഹജമാണു താനും. പക്ഷേ, ശാസ്ത്രരഹസ്യങ്ങളുടെ പൊരുൾ തിരഞ്ഞു പോകുന്നതു പോലെയല്ല, വിശ്വാസങ്ങളുടെയും ക്ഷേത്രാചരങ്ങളുടെയും അസ്തിവാരം തോണ്ടി പരിശോധിക്കണമെന്ന് വാശിപിടിക്കുന്നത്. ഭാരതത്തിലെ മഹാക്ഷേത്രങ്ങളിൽ പലതുമായും ബന്ധപ്പെട്ട് ഇനിയും വെളിപ്പെടാത്ത രഹസ്യങ്ങൾ പലതുമുണ്ട്. ഒരു എൻജിനിയറിംഗ് സൗകര്യവും ഇല്ലാതിരുന്ന കാലത്ത്, ഇക്കാലത്തെക്കൂടി അമ്പരപ്പിക്കുന്ന നിർമ്മാണവൈദഗ്ദ്ധ്യവും വാസ്തുകൗശലവുംകൊണ്ട് നിർമ്മിക്കപ്പെട്ടവയാണ് മഹാക്ഷേത്രങ്ങൾ പലതും. നിലവറകളിലെ അമൂല്യ നിധിശേഖരങ്ങളുടെ കണക്കിൽ ലോകത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രമായാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം കരുതപ്പെടുന്നത്. ശിലാവിഗ്രഹത്തിനു പകരം കടുശർക്കര യോഗത്തിൽ തീർത്ത വിഗ്രഹവും, ക്ഷേത്രഗോപുര നിർമ്മിതിയുടെ പ്രത്യേകതകളുമെല്ലാം ചേർന്ന് അതിനെ മഹാവിസ്മയങ്ങളുടേത് എന്നതുപോലെ, മഹാരഹസ്യങ്ങളുടെ കൂടി ദേവസ്ഥാനമാക്കുന്നുണ്ട്.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ള വിലമതിക്കാനാവാത്ത സ്വർണ, വജ്ര, രത്നശേഖരത്തെക്കുറിച്ചും അപൂർവങ്ങളായ ആഭരണനിധിയെക്കുറിച്ചും കഥകൾ പലതുമുണ്ട്. ആകെയുള്ള എട്ട് നിലവറകളിൽ അഞ്ചെണ്ണത്തിലാണ് മൂല്യമേറിയ നിധികളുടെ ശേഖരം. അതിൽത്തന്നെ എ, സി എന്നീ രണ്ട് നിലവറകൾ സുപ്രീം കോടതി നിർദ്ദേശപ്രകാരം മുൻപ് തുറന്ന്, അമൂല്യവസ്തുക്കളുടെ ഏകദേശ മൂല്യം തിട്ടപ്പെടുത്തിയവയാണ്. അകത്ത് മറഞ്ഞിരിക്കുന്ന രഹസ്യനിധിയുടെ സ്വഭാവം അറിഞ്ഞുകൂടാത്തത് 'ബി" നിലവറയുടെ കാര്യത്തിൽ മാത്രം. അതിന്റെ താക്കോലാകട്ടെ, എവിടെയെന്ന് ആർക്കും അറിഞ്ഞുകൂടാ. നിലവറകളുടെ കൂട്ടത്തിൽ ഏറ്റവും അധികം വിശ്വാസങ്ങളുള്ളത് 'ബി" നിലവറയുടെ കാര്യത്തിലാണ്. അത് തുറന്നാൽ അനിഷ്ടങ്ങൾ സംഭവിക്കുമെന്നു മുതൽ, കടൽജലം അതിലെ തുരങ്കത്തിലൂടെ കയറിവന്ന് തലസ്ഥാത്തെ മുക്കിക്കളയുമെന്നു പോലും വിശ്വസിക്കപ്പെടുന്നു! വിശ്വാസങ്ങളുടെ ശരിതെറ്റുകളെക്കുറിച്ച് ഇവിടെ തർക്കിക്കേണ്ടതില്ല. അവ തെറ്റാണെന്നു സ്ഥാപിക്കണമെന്ന വാശിയും വേണ്ട.
പവിത്രമായി കരുതപ്പെടുകയും ആരാധിക്കപ്പെടുകയും വിശ്വസിക്കപ്പെടുകയും ചെയ്യുന്ന നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെല്ലുന്നതുകൊണ്ട് ലോകത്തിന് ഒരു പ്രയോജനവുമില്ല. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ രണ്ടു നിലവറകളിലെ നിധിശേഖരം പൊതുജനങ്ങൾക്കു കൂടി കാണാൻ സൗകര്യപ്പെടുന്ന വിധത്തിൽ ഒരു മ്യൂസിയം ഒരുക്കാനൊക്കെ നേരത്തേ സർക്കാരിന് പദ്ധതിയുണ്ടായിരുന്നെങ്കിലും സുരക്ഷയെ കരുതി അത് വേണ്ടെന്നുവയ്ക്കുകയായിരുന്നു. ഇനി ബി നിലവറ തുറന്നുകണ്ടാലും, അമൂല്യവസ്തുക്കളുടെ കണക്കെടുക്കാമെന്നല്ലാതെ വേറെന്തു പ്രയോജനം? കഴിഞ്ഞ ദിവസം ചേർന്ന ക്ഷേത്ര ഭരണസമിതിയുടെയും ഉപദേശക സമിതിയുടെയും സംയുക്തയോഗത്തിൽ, സർക്കാർ പ്രതിനിധിയായ അഡ്വ. എ. വേലപ്പൻ നായർ ഈ നിലവറ തുറന്ന് പരിശോധിക്കണമെന്ന് നിർദ്ദേശിച്ചതാണ് ഇപ്പോഴത്തെ ചർച്ചകൾക്ക് തുടക്കമിട്ടത്.
ക്ഷേത്ര കാര്യങ്ങളിലും വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സർക്കാരിന്റെയും രാഷട്രീയക്കാരുടെയും ഇടപെടൽ ആവശ്യമുണ്ടോ എന്നതുതന്നെ തർക്കവിഷയമാണ്. മറ്രു പല മതസ്ഥരുടെയും ആരാധനാലയങ്ങളുടെ കാര്യത്തിൽ അതത് മതസ്ഥാപനങ്ങളുടെ സമിതികൾക്കാണ് അധികാരമെന്നിരിക്കെ, കുടുംബ ട്രസ്റ്റുകൾക്കും മറ്റും കീഴിലല്ലാത്ത ഹിന്ദുക്ഷേത്രങ്ങളെല്ലാം ദേവസ്വം ബോർഡുകളുടെയും അതുവഴി സംസ്ഥാന സർക്കാരിന്റെയും അധികാരത്തിനു കീഴിലാണ്! ക്ഷേത്രകാര്യങ്ങളിൽ തന്ത്രിമാരുടേതാണ് അവസാനവാക്ക്. അക്കാര്യം സുപ്രീം കോടതിതന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്. ശ്രീപദ്മനാഭസ്വാമി ക്ഷേത്ര നിലവറ തുറന്നു പരിശോധിക്കുന്നതിൽ തന്ത്രിക്കോ തിരുവിതാംകൂർ രാജകുടുംബത്തിനോ യോജിപ്പില്ല. അപ്പോൾപ്പിന്നെ സർക്കാർ പ്രതിനിധികളായി എത്തുന്നവർ ഇത്തരം വിഷയങ്ങളിൽ അഭിപ്രായം പറയേണ്ടതുണ്ടോ? പവിത്രസങ്കല്പങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടവയാണ് വിശ്വാസങ്ങൾ. അവ പവിത്രമായിത്തന്നെ തുടരട്ടെ.