ബി നിലവറ വിവാദം അനവസരത്തിൽ, തുറക്കൽ ആലോചനയിലില്ല

Saturday 09 August 2025 3:42 AM IST

നിലവറ തുറക്കേണ്ട സാഹചര്യമില്ലെന്ന്

തിരുവനന്തപുരം: നവംബർ 19 ന് മുറജപവും ജനുവരിയിൽ ലക്ഷദീപവും നടത്താനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറയുമായി ബന്ധപ്പെട്ടുയർന്നത് അനാവശ്യ ചർച്ചകൾ. നിലവറ തുറക്കേണ്ട സാഹചര്യമിപ്പോഴില്ലെന്നാണ് ഭരണസമിതിയംഗം വ്യക്തമാക്കുന്നത്.

2011ൽ സുപ്രീംകോടതി നിർദ്ദേശാനുസരണം ഇവിടുത്തെ നിധിശേഖരങ്ങൾ തിട്ടപ്പെടുത്താനുള്ള കണക്കെടുപ്പ് നടന്നതോടെയാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളും ചർച്ചയാവുന്നത്.

വൈഷ്ണവ പാരമ്പര്യമുള്ള ക്ഷേത്രങ്ങളിൽ ഇത്തരത്തിൽ ഒന്നോ എട്ടോ നിലവറകൾ കാണാമെന്നതാണ് സങ്കല്പമെങ്കിലും ഇവിടെ 6 നിലവറകളാണ് പ്രത്യക്ഷത്തിലുള്ളത്. മാർത്താണ്ഡവർമ മഹാരാജാവിന്റെ കാലത്താണ് നിലവറകളിൽ നിധിശേഖരം സൂക്ഷിക്കപ്പെട്ടതെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം.

നിധിശേഖരമുള്ള

എ, ബി നിലവറകൾ

എ, ബി നിലവറകളിലാണ് ഏറ്റവും വിലപിടിപ്പുള്ള നിധിശേഖരമുള്ളത്. ബി ഒഴികെയുള്ള മറ്രു നിലവറകളാണ് 2011ൽ പരിശോധിച്ച് കണക്കെടുപ്പ് നടത്തിയത്. സ്വർണക്കട്ടികൾ, വെള്ളിക്കട്ടികൾ,സ്വർണത്തിലും വെള്ളിയിലുമുള്ള ആഭരണങ്ങൾ,രത്നങ്ങൾ എന്നിവയാണ് രണ്ട് നിലവറകളിൽ സൂക്ഷിച്ചിട്ടുള്ളത്. സി, ഡി നിലവറകളിൽ ക്ഷേത്രാവശ്യങ്ങൾക്കുള്ള ആഭരണങ്ങൾ സൂക്ഷിക്കുന്നു. ഇ, എഫ് നിലവറകളിൽ ഒന്നിൽ ക്ഷേത്രത്തിലേക്ക് ലഭിച്ച വിലപിടിപ്പുള്ള പാത്രങ്ങളും വിളക്കുകളുമാണ്. മറ്റൊന്നിൽ ശ്രീപദ്മനാഭസ്വാമിയുമായി ബന്ധപ്പെട്ടുള്ള വിവിധ ഭഗവത് വാഹനങ്ങളാണ്. ശ്രീകോവിലിന് വടക്കുവശത്ത് സരസ്വതീകോണിലുള്ള മറ്റൊരു നിലവറ ഏറക്കുറെ ശൂന്യമാണെന്നാണ് നിഗമനം. പലവിധ പുസ്തകങ്ങൾ ഇവിടെ സൂക്ഷിച്ചിരുന്നതായി കരുതുന്നു.

ബി തുറന്നത് 9 തവണ

ചർച്ചകളിൽ ഇടംപിടിച്ചിട്ടുള്ള ബി നിലവറ 1997നുശേഷം 9 തവണ തുറന്നിട്ടുള്ളതായാണ് സുപ്രീംകോടതി നിയോഗിച്ചിരുന്ന പ്രത്യേക ഓഡിറ്റർ വിനോദ് റോയി നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഈ അറയിൽ മുകളിലും താഴെയുമായി രണ്ട് തട്ടുകളാണുള്ളത്. താഴത്തെ തട്ട് ഒരുപക്ഷേ തുറന്നിട്ടില്ലായിരിക്കാമെന്നും അഭിപ്രായമുണ്ട്. ഈ അറയുടെ താക്കോലുകൾ പരിശോധനയ്ക്ക് ശേഷം കോടതിയെ ബോദ്ധ്യപ്പെടുത്തി തിരികെ നൽകിയിട്ടുണ്ടെന്ന് കണക്കെടുപ്പിന് നിയോഗിച്ചിരുന്ന വിദഗ്ദ്ധ സംഘത്തിലെ ഒരു അംഗം പറയുന്നു. നിലവറകൾക്ക് രണ്ട് സെറ്റ് താക്കോലുകളാണുള്ളത്. ഇതിൽ ഒരു സെറ്റ് ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസറുടെ കൈവശവും അടുത്ത സെറ്റ് രാജകുടുംബത്തിന്റെ കൈവശവുമാണ് സൂക്ഷിക്കാറുള്ളത്.