സ്വർണക്കടത്ത്: കസ്റ്റംസ് ഇൻസ്പെക്ടറെ പിരിച്ചുവിട്ടു

Saturday 09 August 2025 9:45 PM IST

കൊച്ചി: തിരുവനന്തപുരം വിമാനത്താവളംവഴി സ്വർണക്കള്ളക്കടത്തിന് സഹായംനൽകിയ കസ്റ്റംസ് ഇൻസ്പെക്ടർ കെ.എ. അനീഷ് മുഹമ്മദി​നെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറുടേതാണ് ഉത്തരവ്. 2023 ജൂൺ​ നാലി​ന് അബുദാബി​യി​ൽ നി​ന്നെത്തി​ച്ച 4.8 കിലോ സ്വർണം കടത്താൻ ഒത്താശചെയ്ത കേസിലാണ് നടപടി.

ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസാണ് (ഡി.ആർ.ഐ) കലൂർ സ്വദേശി അനീഷി​നെയും മറ്റൊരു ഇൻസ്പെക്ടറായ ആലപ്പുഴ സ്വദേശി എസ്. നി​ധി​നെയും അറസ്റ്റുചെയ്തത്. 80 കി​ലോയോളം സ്വർണം ഇവർ കടത്താൻ സഹായി​ച്ചെന്നാണ് കരുതുന്നത്. ഒരു കസ്റ്റംസ് ഇൻസ്പെക്ടറുടെ ഫോൺ​ചോർത്തി​യാണ് ഡി​.ആർ.ഐ ഇവർക്ക് കെണി​യൊരുക്കി​യത്. അബുദാബിയിൽ നിന്നെത്തിയ അനിൽകുമാർ അപ്പുക്കുട്ടൻ പിള്ള, സുനീർ അബ്ദുൾ വാഹിദ് എന്നിവരും പി​ടി​യി​ലായി​.

അനീഷിനും നിധിനുമെതിരായ സഹപ്രവർത്തകരുടെ പരാതി കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണർക്ക് കൈമാറിയശേഷം ഇരുവരെയും തിരുവനന്തപുരം വിമാനത്താവളത്തിലെ ജോലിയിൽനിന്ന് മാറ്റി​. ശക്തമായ തെളി​വുകൾ ലഭി​ച്ച ശേഷമായി​രുന്നു അറസ്റ്റ്.