പാങ്ങോട് പോസ്റ്റ് ഓഫീസിന് സ്വന്തം കെട്ടിടം ഉടൻ...

Saturday 09 August 2025 1:23 AM IST

പാങ്ങോട്: ഒടുവിൽ പാങ്ങോട് പോസ്റ്റ് ഓഫീസിന് സ്വന്തം കെട്ടിടം ആകുന്നു. പാങ്ങോട് പോസ്റ്റോഫീസിന് ഈ സാമ്പത്തിക വർഷം സ്വന്തം കെട്ടിടം നിർമ്മിക്കുമെന്ന് അടൂർ പ്രകാശ് എം.പി യുടെ ചോദ്യത്തിന് കേന്ദ്ര വാർത്താവിനിമയ സഹ മന്ത്രി ഡോ. ചന്ദ്രശേഖർ പെമ്മസാനി ലോക്സഭയിൽ മറുപടി നൽകി. പൊന്നിൻവില മതിക്കുന്ന വസ്തു സ്വന്തമായുണ്ടെങ്കിലും പാങ്ങോട് പോസ്റ്റ് ഓഫീസ് വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി കേരള കൗമുദി ജൂലായ് 2ന് വാർത്ത നൽകിയിരുന്നു. പാങ്ങോട് ജംഗ്ഷനിലാണ് സ്വന്തമായി പാങ്ങോട് പോസ്റ്റ് ഓഫീസിന് പത്ത്‌ സെന്റ് സ്ഥലമുള്ളത്. ഇവിടെ ഒരു പോസ്റ്റ് ഓഫീസ് കെട്ടിടം നിർമ്മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

 ആദ്യം അഞ്ചൽ ഓഫീസ്

സർ സി.പി.യുടെ കാലത്താണ് പോസ്റ്റ് ഓഫീസ്, മൃഗാശുപത്രി, പൊലീസ് സ്‌റ്റേഷൻ എന്നിവയ്ക്കായി സ്വകാര്യവ്യക്തി ഭൂമി വിട്ടുനൽകിയത്. ആദ്യനാളുകളിൽ ഈ സ്ഥലത്ത് ഓലകെട്ടിയ കെട്ടിടത്തിൽ അഞ്ചലാപ്പീസായാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീടിത് വാടകക്കെട്ടിടത്തിലേക്ക് മാറ്രി. വർഷങ്ങൾക്ക് മുമ്പ് നാട്ടുകാരുടെ നിരന്തര ആവശ്യങ്ങൾക്കൊടുവിൽ പോസ്റ്റൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെത്തി കെട്ടിടം നിർമ്മിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചെങ്കിലും ഫണ്ടില്ലാത്തതിനാൽ മുടങ്ങുകയായിരുന്നു. പ്രതിമാസം ഏഴായിരം രൂപയ്ക്കാണ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിന് വാടകയിനത്തിൽ നൽകുന്നത്.