അനാസ്ഥയിൽ സർക്കാർ കെട്ടിടം നശിക്കുന്നു

Saturday 09 August 2025 1:27 AM IST
അധികൃതരുടെ അനാസ്ഥയിൽ നശിച്ചുകൊണ്ടിരിക്കുന്ന പീരുമേട് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കെട്ടിടം

പീരുമേട്: അധികൃതരുടെ അനാസ്ഥയിൽ പീരുമേട് സബ് ട്രഷറിക്ക് സമീപം പ്രവർത്തിച്ചിരുന്ന മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ കെട്ടിടം നാശത്തിന്റെ വക്കിലെത്തി. ഉപയോഗമില്ലാതെ അടഞ്ഞുകിടക്കുന്നതിനാൽ കാടുകയറി ഈ കെട്ടിടം ഓരോ ദിവസവും നാശത്തിൽ എത്തിയിരിക്കുകയാണ്. കെട്ടിടത്തിന്റെ ഉള്ളിലുള്ള വസ്തുക്കളും നശിച്ചുകൊണ്ടിരിക്കുന്നു. തോട്ടംമേഖലയിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്ന പദ്ധതി പ്രകാരം പീരുമേട്ടിൽ സ്ഥാപിച്ച മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ കെട്ടിടമായിരുന്നു. 2001ലാണ് പീരുമേട്ടിലെ സബ് ട്രഷറി ആഫീസിന് സമീപമായി പുതിയ കെട്ടിട സമുച്ചയം നിർമ്മിച്ചത്. അന്ന് 120 കുട്ടികളുമായി ഹൈസ്‌കൂൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഹോസ്റ്റലുകളും ഉണ്ടായിരുന്നു. 2012ൽ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കുട്ടിക്കാനത്തേക്ക് മാറ്റി സ്ഥാപിച്ചു. തുടർന്ന് ഈ കെട്ടിടം പ്രവർത്തന രഹിതമായി. ഇപ്പോൾ നനഞ്ഞ് ഒലിച്ച് കിടക്കുകയാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന ജനറേറ്റർ, ഫർണീച്ചറുകൾ, ബെഡുകൾ തുടങ്ങിയ ഉപകരണങ്ങളെല്ലാം നശിച്ചു. ബലക്ഷയമുണ്ടെന്ന കാരണത്താൽലം ഈ കെട്ടിടം ഇടിച്ച് കളയാനാണ് പദ്ധതിയെന്ന് അധികൃതർ പറയുന്നു. ഈ കെട്ടിടം നിലനിറുത്തി പ്രീമെട്രിക്‌ ഹോസ്റ്റലാക്കിയാൽ പ്രദേശത്തെ എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യമുണ്ട്.